തൊടുപുഴ: ഒരു ഇടവേളയ്ക്കു ശേഷം മൂന്നാറിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളുടെ സ്വൈര വിഹാരം തുടരുന്നു. കടകള്‍ ആക്രമിച്ചു പഴങ്ങളും ബേക്കറി സാധനങ്ങളും അകത്താക്കുകയെന്നതാണ് കാട്ടാനകളുടെ പുതിയ പരിപാടി. ആനകള്‍ കടകള്‍ ആക്രമിച്ച് സാധനങ്ങള്‍ തിന്നാനെത്തുമ്പോള്‍ പലപ്പോഴും തലനാരിഴയ്ക്കാണ് പ്രദേശവാസികള്‍ കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നത്.

wild elephant

കാട്ടാന തകര്‍ത്ത അഗ്നിമുത്തുവിന്റെ കട

കഴിഞ്ഞദിവസം രാത്രിയാണ് കുട്ടിയാനയടക്കം മൂന്ന് ആനകള്‍ മൂന്നാര്‍ മറയൂര്‍ റൂട്ടില്‍ കന്നിമല ഫാക്ടറിക്ക് സമീപമുള്ള കടകള്‍ ആക്രമിച്ചത്. അഗ്നിമുത്തു എന്നയാളിന്റെ കടയാക്രമിച്ച ആനകള്‍ കടയക്കുള്ളിലുണ്ടായിരുന്ന ബേക്കറി സാധനങ്ങളും പഴങ്ങളും മുഴുവന്‍ തിന്നു തീര്‍ത്തു. ആനകളെത്തിയ ദിവസം അഗ്നിമുത്തു സ്ഥലത്തില്ലാതിരുന്നതിനാല്‍ ആന ആക്രമണത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു.

പിന്നീട് സമീപത്തുള്ള രാജകുമാരിയുടെ കടയിലേക്ക് ആനകളുടെ തുമ്പിക്കൈ നീണ്ടത്. കടയുടെ മുന്‍ഭാഗത്ത് നിരത്തിയിട്ടിരുന്ന ഫര്‍ണിച്ചര്‍ സാധനങ്ങള്‍ തകര്‍ത്തശേഷം ഷട്ടറും തകര്‍ത്താണ് ആനകള്‍ കടയ്ക്കുള്ളിലേയ്ക്കു കയറിയത്. ഈ സമയം കടയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന രാജകുമാരി അടുക്കളയ്ക്കു കീഴില്‍ പതുങ്ങിയിരുന്നാണ് ജീവന്‍ രക്ഷിച്ചത്. രാജകുമാരിയുടെ ഭര്‍ത്താവ് 1997-ല്‍ കാട്ടാന ആക്രമണത്തിലാണ് മരണടമഞ്ഞത്.

wild elephant attack in munnar

കാട്ടാന തകര്‍ത്ത രാജകുമാരിയുടെ കട

ഇതിനിടെ മൂന്നാറിന്റെ പ്രിയങ്കരനായ കാട്ടാനയായ ‘പടയപ്പ’യും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് ഭീതി പരത്തുന്നുണ്ട്. സാധാരണ ആരെയും ആക്രമിക്കാത്ത പടയപ്പയുടെ വിനോദം പഴക്കടകള്‍ ആക്രമിച്ച പഴങ്ങള്‍ തിന്നു മടങ്ങുകയെന്നതാണ്. കഴിഞ്ഞയാഴ്ച മൂന്നാര്‍-മറയൂര്‍ റോഡില്‍ പടയപ്പ ഇറങ്ങി നിന്നതിനെത്തുടര്‍ന്ന് മൂന്നു മണിക്കൂറിലധികം നീണ്ട ഗതാഗതക്കുരുക്കാണ് ഈ റൂട്ടിലുണ്ടായത്. റോഡില്‍ നിന്നു മാറാന്‍ തയ്യാറാകാതിരുന്ന പടയപ്പയെ ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ത്തിയാണ് കാട്ടിലേക്കു കയറ്റിവിട്ടത്.

അതേസമയം ഒരു ഇടവേളയ്ക്കു ശേഷം മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാന ആക്രമണം വര്‍ധിച്ചുവരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. സൂര്യനെല്ലിയില്‍ നിന്നു മാട്ടുപ്പെട്ടിയിലേയ്ക്ക് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന അഞ്ചംഗ കുടുംബമാണ് കാട്ടാന ആക്രമണത്തി നിരയായത്. രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ഓട്ടോയ്ക്കുമുന്നിലേക്കെത്തിയ കാട്ടാന ഓട്ടോ എടുത്തെറിയുകയായിരുന്നു. കുണ്ടള സാന്‍ഡോസ് കോളനി നിവാസിയായ ജ്ഞാനമുത്തു, കൊച്ചുമകള്‍ സുജാത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജ്ഞാനമുത്തുവിന്റെ ഭാര്യ മഹേശ്വരി, ഓട്ടോ ഓടിച്ചിരുന്ന മകന്‍ സൂര്യകാന്തി, ഭാര്യ ഉത്തരാ ദേവി എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം ഇതുവഴി വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ച് ആനയെ ഓടിച്ച ശേഷമാണ് ഇവരെ ടാറ്റാ ടീ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയുമായിരുന്നു.

ഇതിനിടെ ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖകളില്‍ ഭീതിപരത്തുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടി ആന പരിശീലന കേന്ദ്രത്തിലേക്കു മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. അധികം വൈകാതെ ആനയെ പിടികൂടാനാണ് വനംവകുപ്പിന്റെ ശ്രമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ