കൊച്ചി: പാലക്കാടും തിരുവനന്തപുരവും ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിനു സമീപമുള്ള സെവന്‍മലയില്‍ തിങ്കളാഴ്ച താപനില മൈനസ് ഒരു ഡിഗ്രിയിലെത്തി. സമീപത്തുള്ള ലക്ഷ്മിയില്‍ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ മൂന്നാര്‍ ടൗണ്‍, എല്ലപ്പെട്ടി, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം ജനുവരി 2 മുതല്‍ 19 വരെ തുടര്‍ച്ചയായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടിരുന്നു. അന്നു താപനില മൈനസ് നാലു ഡിഗ്രി വരെയാണ് താഴ്ന്നത്. തുടര്‍ന്നു മെല്ലെ ഉയര്‍ന്ന താപനില ഒരു മാസത്തിനു ശേഷം വീണ്ടും താഴ്ന്നിരിക്കുകയാണ്. മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നതോടെ വിനോദ സഞ്ചാരികളുടെ പ്രവാഹം വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. കഴിഞ്ഞമാസം അതിശൈത്യം ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് മൂന്നാറിലെത്തിയത്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും അതിശൈത്യം തുടരുന്നത് മൂന്നാറിലേക്കു കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.ജോര്‍ജ് പറയുന്നു.

സെവന്‍മലയിലെ പുല്‍മേട്ടില്‍ മഞ്ഞുവീണു കിടക്കുന്നു.

അതേസമയം, 20 ദിവസത്തോളം നീണ്ട ജനുവരിയിലെ തണുപ്പുകാലം ടൂറിസം മേഖല ആഘോഷമാക്കിയപ്പോള്‍ തേയിലത്തോട്ടം മേഖലയ്ക്ക് ഇതു വന്‍ നഷ്ടമാണുണ്ടാക്കിയത്. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ 888 ഹെക്ടര്‍ സ്ഥലത്തെ തേയിലയാണ് മഞ്ഞുവീഴ്ചയില്‍ കരിഞ്ഞുനശിച്ചത്. വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലെ പുല്‍മേടുകള്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്നു കരിഞ്ഞു നശിച്ചിരുന്നു. 1934-നു ശേഷം ആദ്യമായാണ് മൂന്നാറില്‍ കഴിഞ്ഞ ജനുവരിയില്‍ 19 ദിവസത്തോളം താപനില മൈനസില്‍ തന്നെ തുടര്‍ന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.