തൊടുപുഴ: മൂന്നാറിലും പരിസര പ്രദേശങ്ങളിലും അരങ്ങേറുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കും ഭൂമി കൈയേറ്റത്തിനും തടയിടാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ എത്തിയതോടെ ട്രൈബ്യൂണലിന്റെ നടപടികള്‍ക്കെതിരേ മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരികളുമടങ്ങുന്ന സംയുക്ത സമരസമിതി സമരത്തിനൊരുങ്ങുന്നു. ഗ്രീന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ മൂന്നാറിന്റെ വളര്‍ച്ചയെയും ടൂറിസം വികസനത്തെയും തകിടം മറിക്കുന്നുവെന്നും ഗ്രീന്‍ ട്രൈബ്യൂണല്‍ മൂന്നാറുമായി ബന്ധപ്പെട്ടു സമീപ കാലങ്ങളില്‍ ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത സമര സമിതി രംഗത്തെത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി, സിപിഐ ഏരിയാ സെക്രട്ടറി പി.പളനിവേല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാര്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ. ബാബുലാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രി, വനം, പഞ്ചായത്ത്, ടൂറിസം വകുപ്പ് മന്ത്രിമാരെ നേരിട്ടു കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം നിവേദനവും നല്‍കും.

കഴിഞ്ഞ മേയില്‍ മൂന്നാര്‍ കേസ് പരിഗണിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എന്‍ഒസി നിര്‍ബന്ധമാക്കിയിരുന്നു. 2010-ല്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എന്‍ഒസി വാങ്ങാതെ 330 വ്യാവസായിക നിര്‍മാണങ്ങള്‍ മൂന്നാറില്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമാണെന്നും ജില്ലാ ഭരണകൂടം കഴിഞ്ഞ മേയില്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം എന്‍ഒസി വാങ്ങാത്ത 330 റിസോര്‍ട്ടുകള്‍ അനധികൃതമല്ലെന്നും എല്ലാ നിബന്ധനകളും പാലിച്ചു തന്നെയാണ് കെട്ടിടങ്ങളെല്ലാം നിര്‍മിച്ചിട്ടുള്ളതെന്നുമാണ് സര്‍വകക്ഷി സംഘം വാദിക്കുന്നത്.

ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ ജനജീവിതത്തെ ദോഷകരമായി ബാധിക്കുകയാണെന്നു പറയുന്ന സംഘം ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സമരപരിപാടികളിലേയ്ക്ക് നീങ്ങാനാണ് സര്‍വകക്ഷി സംഘത്തിന്റെ തീരുമാനം. ഇതിനിടെ മൂന്നാര്‍ കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസം ഗ്രീന്‍ ട്രിബ്യൂണലില്‍ ദേവികുളം ആര്‍ഡിഒ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസ് പരിഗണിച്ച കോടതി മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയിലാണ് ഗ്രീന്‍ ട്രിബ്യൂണല്‍ ഓര്‍ഡറുകള്‍ക്കെതിരേ മൂന്നാറിലെ വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ