തൊടുപുഴ: പി.ജെ.ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ യുഡിഎഫിന് വൻ തിരിച്ചടി. നഗരസഭ ഭരണം ഇടത് മുന്നണി പിടിച്ചെടുത്തു. യുഡിഎഫ് വിമതൻ സനീഷ് ജോർജ് ചെയർമാനാകും. യുഡിഎഫ് സ്വതന്ത്ര ജെസി ജോണി എൽഡിഎഫിന് വോട്ട് ചെയ്തു.
35 അംഗ നഗരസഭയിൽ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 സീറ്റിൽ എൽഡിഎഫും, എട്ട് സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിന്റെ വോട്ട് കൂടി കിട്ടിയതോടെ എൽഡിഎഫിന് 14 സീറ്റും യുഡിഎഫിന് 13 സീറ്റുമായി.
Read Here: തദ്ദേശങ്ങളിൽ ഇനി ഇവർ നായകർ; തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ
രണ്ട് നഗരസഭകളിൽ നറുക്കെടുപ്പ് ഭാഗ്യം യുഡിഎഫിനൊപ്പം. കളമശേരി നഗരസഭാ ഭരണം യുഡിഎഫിന് ലഭിച്ചത് നറുക്കെടുപ്പിലൂടെയാണ്. സീമ കണ്ണൻ ചെയർപേഴ്സൺ.
നാൽപത്തിരണ്ടംഗ കൗൺസിലിൽ ഇരുപത് അംഗങ്ങളുടെ വീതം പിന്തുണ എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചു. തുടർന്ന് നറുക്കെടുത്തു. എന്നാൽ, ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള ഒരു സീറ്റ് രണ്ട് കൂട്ടർക്കും നിർണായകമാണ്.
കൊല്ലം പരവൂരും നറുക്കെടുപ്പിലൂടെ നഗരസഭ ഭരണം യുഡിഎഫിന് കിട്ടി. എൽഡിഎഫിനും യുഡിഎഫിനും പതിനാല് വീതം സീറ്റാണ് പരവൂർ നഗരസഭയിൽ കിട്ടിയത്. ഇരു കൂട്ടർക്കും സീറ്റ് തുല്യമായതോടെ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പ് ഭാഗ്യം യുഡിഎഫിനാെപ്പം. സി.ശ്രീജ നഗരസഭ അധ്യക്ഷയാകും. പരവൂരിൽ നാല് സീറ്റി ബിജെപിക്കായിരുന്നു.