തൊടുപുഴ: ഇടുക്കി മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് ഇടുക്കി സ്വദേശികള്‍ പിടിയിലെന്ന് സൂചന. നേരത്തേ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒരാളെ പൊലീസ് വിട്ടയച്ചിരുന്നു. സംഭവം മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസിന്റെ സ്ഥിരീകരണം. കേസിൽ കസ്റ്റഡിയിലായ പ്രതികൾക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക പിന്നിലെന്ന് ജില്ലാ പൊലീസ് മോധാവി പറഞ്ഞു. ഫലിക്കാതെ പോയ ആഭിചാരക്രിയക്ക് പണം നൽകിയയാളും കൂടി ഉൾപ്പെട്ട സംഘമാകാം കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരത്ത് നിന്ന് പിടിയിലായ അടൂർ മൂന്നാം സായുധ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡറായിരുന്ന പേരൂർക്കട സ്വദേശി രാജശേഖരൻ, മുസ്ലീംലീഗ് ജില്ലാ നേതാവ് കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി അർഷാദ് എന്നിവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർ കൃഷ്ണനുമായി ഇടപാടുകൾ നടത്തിയിരുന്നവരാണെന്നും പോലീസ് അറിയിച്ചു.

വെള്ളിമൂങ്ങ, ഇറിഡിയം, റൈസ്പുള്ളർ അടക്കം വാഗ്ദാനം ചെയ്ത് പണം പറ്റുകയും ഇവ നൽകാൻ കഴിയാതെ വന്നതിന്റെ പേരിൽ കൃഷ്ണന് ശത്രുക്കളുണ്ടെന്ന സൂചനകൾ കസ്റ്റഡിയിലായവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇറിഡിയം , റൈസ് പുള്ളര്‍, ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കൂടുമെന്നും ഇവ എത്തിച്ചു നല്‍കാമെന്നും മറ്റും പറഞ്ഞ് കൃഷ്ണന്‍ പലരില്‍ നിന്നും പണം വാങ്ങുകയും ചെയ്തിരുന്നു.

വൻതട്ടിപ്പിന് ഇരകളായ ചിലർ ഞായറാഴ്ച എത്തുമെന്ന് നേരേത്ത അറിയിച്ചിരുന്നെന്നും പൊലീസ് സംശയിക്കുന്നു. കാര്യംസാധിച്ചു നൽകാമെന്ന് പറഞ്ഞ അവധികൾ പലതു കഴിഞ്ഞതോടെ പണം തിരികെ നൽകുകയോ വാഗ്ദാനം നിറവേറ്റുകയോ വേണമെന്ന നിലക്ക് രണ്ടിലൊന്ന് തീരുമാനിക്കാൻ എത്തിയ സംഘം തർക്കത്തിനൊടുവിൽ കൃഷ്ണനെയും കുടുംബാംഗങ്ങളെയും വകവരുത്തിയെന്നാണ് അനുമാനം. ഈ സാഹചര്യത്തിൽ കൃഷ്ണനുമായി ഒരാഴ്ചക്കിടെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിൽ നല്ലൊരു തുക ഉടൻ കൈയിൽ വരുമെന്ന് പറയുന്നുണ്ട്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്നും പറയുന്നു. കൊല്ലപ്പെട്ട കൃഷ്ണ​ന്റെ ഭാര്യ സുശീല കുറച്ചു പണം വരാനുണ്ടെന്ന് പറഞ്ഞിരുന്നതായി സഹോദരി ഓമന പൊലീസിന് മൊഴി നൽകിയിരുന്നു. ഇതും തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിൽ എടുത്തവരുടെ സംഭാഷണവും തമ്മിൽ സമാനതയുണ്ട്. ബിസിനസ് ചീഫ് ആരാണെന്നും ഇയാൾക്ക് കൃഷ്ണനുമായി ഏതെങ്കിലും തരത്തിലെ ബന്ധം ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. സംഭാഷണത്തിലുടനീളം ദുരൂഹതയുള്ളതായാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് ലഭിച്ച ആറുപേരുടെ വിരലടയാളം സംബന്ധിച്ചും അന്വേഷിക്കുകയാണ്.

നിധി കണ്ടെത്തിത്തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൃഷ്ണ​ന്റെ വീട്ടിലെത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലനടന്നതായി സംശയിക്കുന്ന ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയുമായി ഇതുവഴി കടന്നുപോയ വാഹനങ്ങളുടെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കൊലയാളികളെത്തേടി തമിഴ്നാട്ടിലടക്കവും പൊലീസ് വലവിരിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ