കൊച്ചി: മുനമ്പം ഫിഷിങ് ഹാർബർ വഴി വിദേശരാജ്യങ്ങളിലേക്ക് കടന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെറായിയിലെ ഹോം സ്റ്റേയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ത്രീകളും കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.

മുനമ്പം വഴി 13 കുടുംബങ്ങളെ അനധികൃതമായി കടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 4 ഗർഭിണികളും കൈക്കുഞ്ഞും അടക്കം 56 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്. ശ്രീലങ്കൻ, ബംഗ്ലാദേശ് അഭയാർത്ഥികളാണ് ഇവരെന്നാണ് സംശയം. മലേഷ്യ, ഇന്തോനീഷ്യ എന്നിവിടങ്ങളിലേക്ക് ഇവർ കടക്കാനുള്ള സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്. അവിടെനിന്നും ഓസ്ട്രേലിയ, കൊറിയ എന്നിവിടങ്ങളിലേക്ക് ജോലിക്കായി തൊഴിലാളികളെ കടത്തുന്ന റാക്കറ്റുകൾ സജീവമാണ്.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്തു റാക്കറ്റിലേക്കാണ് അന്വേഷണം നീളുന്നത്. ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദയാമാതാ ബോട്ടിലാണ് സംഘം മുനമ്പം വിട്ടതെന്നാണ് ചില റിപ്പോർട്ടുകൾ. ബോട്ടിന്റെ ഉടമസ്ഥരെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

സംഘം ഉപേക്ഷിച്ചതായി സംശയിക്കുന്ന 77 ബാഗുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാഗുകളുടെ ഉടമകളിൽ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊളംബോ പുത്തലം സ്വദേശി മഞ്ജുള(30), കരുനാഗലം സ്വദേശി രമേശ്കുമാർ (26) എന്നിവരുടെ സിംഹള ഭാഷയിലുള്ള തിരിച്ചറിയൽ രേഖകളാണു പൊലീസിനു ലഭിച്ചത്.

ചെറായി, ചോറ്റാനിക്കര എന്നിവടങ്ങളിലാണ് സംഘം താമസിച്ചിരുന്നതെന്നാണ് വിവരം. ജനുവരി അഞ്ചിനാണ് ഇവർ ചെറായിയിൽ എത്തിയത്. ജനുവരി 12 ന് പുലർച്ചെയാണ് ഇവർ താമസം മതിയാക്കി പോയത്. സംഘം ചെറായിയിൽ നിന്ന് 12000 ലിറ്റർ ഇന്ധനം നിറച്ചതായി വിവരമുണ്ട്. ഇതിന് പത്ത് ലക്ഷം രൂപ മുടക്കിയതായി കോസ്റ്റൽ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.