കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതോടെ ആദ്യ ഘട്ട ജാഗ്രതാ നിർദ്ദേശം നല്‍കി. അണക്കെട്ടിന് ചുറ്റും കനത്ത മഴയാണ്. ഇതിനാൽ നീരൊഴുക്കും ശക്തമാണ്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ വർദ്ധിച്ചാൽ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാന്‍ തമിഴ്നാട് തയ്യാറാകൂവെന്നാണ് സൂചന.

മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 142-ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ തമിഴ്നാട്. ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 ലേക്കും തുടര്‍ന്ന് 152-ലേക്കും ഉയര്‍ത്തണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. എന്നാൽ 2014 ൽ സുപ്രീം കോടതി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാക്കി ഉയർത്തി.

അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയാൽ തമിഴ്‌നാട്ടിലേക്ക് കൂടുതൽ ജലം ഒഴുക്കും. എന്നാൽ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയാൽ പെരിയാറിന്റെ കരകളിൽ കഴിയുന്നവർക്കും ഇടുക്കി ജില്ലയിലുളളവർക്കും അത് കനത്ത വെല്ലുവിളിയാകും.

400 ഘനയടി വീതം വെള്ളംകൊണ്ടുപോകാന്‍ ശേഷിയുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയാണ് തമിഴ്‌നാട് ആദ്യം കൂടുതല്‍ വെള്ളം കൊണ്ടുപോകുക. പിന്നീട് വേണ്ടിവന്നാല്‍ ഇറച്ചിപ്പാലം കനാലിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ