തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമില്‍ പുതുതായി രണ്ടിടങ്ങളില്‍ ചോര്‍ച്ച കണ്ടെത്തിയതിനു പിന്നാലെ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് പ്രഖ്യാപനവുമായി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നു തമിഴ്‌നാട്ടിലേക്കു വെള്ളം ഔദ്യോഗികമായി തുറന്നുവിടുന്നതിനായെത്തിയ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വമാണ്  ഇത് പറഞ്ഞത്.  അന്തരിച്ച മുന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ജയലളിതയുടെ ആഗ്രഹപ്രകാരം ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് അദ്ദേഹം  പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടു കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.

തേക്കടിക്കു സമീപമുള്ള ഡാം ഷട്ടറിനു സമീപം പൂജകള്‍ക്കു ശേഷമാണ് ഡാമില്‍നിന്നു ജലം തുറന്നുവിട്ടത്. തേനി കലക്ടര്‍ വെങ്കിടാചലം ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബലവത്താണെന്നു തമിഴ്‌നാടും അല്ലെന്നു കേരളവും വാദിക്കുന്നതിനിടയിലാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നു തമിഴ്‌നാട് വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ ഡാമില്‍ പുതുതായി രണ്ടു ചോര്‍ച്ചകള്‍ കൂടി കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കണ്ടെത്തി. ഡാമിന്റെ 10,11 ബ്ലോക്കുകള്‍ക്കിടയിലായാണ് രണ്ടിടത്തു പുതുതായി ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്നു മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയും ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജോര്‍ജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തിയെന്ന വാര്‍ത്ത പെരിയാര്‍ തീരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 125 അടിക്കു മുകളിലായാല്‍ ആഴ്ച തോറും ഉന്നതാധികാരസമിതി ഡാമില്‍ പരിശോധന നത്തണമെന്നു നിര്‍ദേശമുണ്ടെങ്കിലും ജലനിരപ്പ് 127.6 അടി പിന്നിട്ടും ഇതുവരെ ഉന്നതാധികാര സമിതിയോ ഉപസമിതിയോ ഡാമില്‍ പരിശോധനയ്‌ക്കെത്തിയിട്ടില്ല.

കഴിഞ്ഞയാഴ്ച മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധന നടത്തിയ എന്‍എസ്ജി സംഘം ഡാമില്‍ കൂടുതല്‍ വെളിച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാവല്‍നില്‍ക്കുന്ന പൊലീസുകാര്‍ക്കു കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ