തൊടുപുഴ: കനത്ത മഴ മൂലം നീരൊഴുക്ക് വർദ്ധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു. രാത്രി 2.45ഓടെയാണ് സ്പിൽവേ തുറന്നത്. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂറോളം വൈകിയാണ് അണക്കെട്ടിലെ 13 ഷട്ടറുകളും ഒരടി വീതം തുറന്നത്. ഒരു മണിക്കൂറിന് ശേഷം 13ല്‍ നിന്നും 10 ഷട്ടറുകളാക്കി കുറച്ചു. സെക്കൻഡിൽ 127.42 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്തിയിട്ടില്ലെന്ന തമിഴ്നാട് സർക്കാരിന്റെ പ്രതികരണം ആശങ്കയ്ക്കിടയാക്കിയിരുന്നു. അടുത്ത രണ്ട് മണിക്കൂർ അണക്കെട്ടിലേക്ക് അധികജലമെത്തിയാൽ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. എന്നാൽ ജലനിരപ്പ് 140 അടിയായതോടെയാണ് അണക്കെട്ടിലെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.

രാത്രി ഒന്നരയ്ക്ക് സ്പിൽവേ വഴി വെളളം തുറന്നുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ജലനിരപ്പ് ആ സമയത്ത് 140 അടി എത്താത്ത സാഹചര്യത്തിലാണെന്ന് കരുതുന്നു തമിഴ്നാട് അധികൃതർ തുറന്നില്ല.  ഇതിനിടയിൽ  പുഴയുടെ തീരപ്രദേശത്തുളള​ ജനങ്ങളെ പൂർണ്ണമായും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്ന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും  ഉറപ്പ് വരുത്തണമെന്ന് കലക്ടർ അറിയിച്ചു.  കനത്ത മഴയിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. മുല്ലപ്പെരിയാറിൽ ഇന്നലെ സന്ധ്യയോടെ ജലനിരപ്പ് 137 അടി പിന്നിട്ടപ്പോൾ  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴയിൽ എല്ലക്കല്ലിൽ​ ഉരുൾപൊട്ടലുണ്ടായി. ഉരുൾ പൊട്ടലിൽ ഒരാൾ മണ്ണിനടയിൽപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. രാത്രിയിൽ 60 കിലോമീറ്റർ വേഗതയുളള കാറ്റ് ഈ​ പ്രദേശത്ത് അടിക്കുമെന്നാണ് റിപ്പോർട്ട്.

തമിഴ്നാടാണ് അണക്കെട്ട് തുറക്കാനുളള നടപടിയെടുക്കാനുളളത്.    മുല്ലപ്പെരിയാർ തുറന്നാൽ വെളളം കയറാൻ സാധ്യതയുളള ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിൽ നിന്നും 1,250 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.  ഇടുക്കി ജില്ലയിൽ പെരിയാറിന്റെ തീരപ്രദേശങ്ങളായി വരുന്ന വള്ളക്കടവ്, ചപ്പാത്ത്,   ഉപ്പുതറ എന്നിവിടങ്ങളിലുളള 1,250 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. 1.15 ന് മുമ്പ് മഞ്ഞുമല, കുമിളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻ കോവിൽ എന്നീ വില്ലേജുകളിൽ നിന്നുളള വരെ മാറ്റിപാർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നു. ജലസേചന വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും കീഴിലുളള ഡാമുകളാണ് തുറന്നത്. സംഭരണശേഷിക്കൊപ്പം ജലനിരപ്പ്​ എത്തിയ സാഹചര്യത്തിലാണ് ഡാമുകൾ​ തുറന്ന് വെളളം ഒഴുക്കിവിടാൻ തീരുമാനിച്ചത്.

mullaperiyar dam, chappath

മുല്ലപ്പെരിയാറിൽ വെളളം തുറന്നുവിടാനുളള​ സാധ്യത കണക്കിലെടുത്ത് രാത്രിയിൽ ചപ്പാത്തിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇടുക്കി ജില്ലയിലെ റവന്യൂവകുപ്പിന്റെ ഓഫീസുകൾക്ക് ഓഗസ്റ്റ് 15 പ്രവർത്തി ദിനമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഉത്തരവിട്ടു.

ഇടുക്കി റിസർവോയറിൽ ജലനിരപ്പ് 2,397.98 അടിയായി ഉയർന്നിട്ടുണ്ട്. രാത്രി 12 മണിയോടെയാണ് ഈ നിലയിലെത്തിയത്. കനത്ത മഴ കാരണം ഇവിടെ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു.

ജാഗ്രത പാലിക്കാന്‍ ജീവനക്കാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറക്കാൻ കേരളവും തമിഴ്നാടും ധാരണയിലെത്തി. മുല്ലപ്പെരിയാർ തുറക്കുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നു രാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും 5000ത്തോളം പേരെ ഉടന്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കും.

ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുൻപായി മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനാവശ്യമായ എല്ലാ മുൻകരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുണ്ട്. യാതൊരുവിധത്തിലുമുള്ള ആശങ്കകൾക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പൊലീസ്, ഫയർഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിർദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങൾ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാര്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ തിരുവന്തപുരത്ത് അടിയന്തര യോഗം ചേരുകയാണിപ്പോള്‍.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണിപ്പോഴും. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നല്ല നിലയില്‍ വര്‍ധനയുണ്ട്. സ്പില്‍വേ തുറന്ന് അധികജലം ഒഴുക്കിയാല്‍ പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കത് ഭീഷണിയാകും. 142 അടിയില്‍ നിന്നും 152 അടിയാക്കി മുല്ലപ്പെരിയാറിന്‍റെ സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് തമിഴ്‌നാട്. 2014 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സംഭരണശേഷി 142 അടിയാക്കി ഉയര്‍ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.