തിരുവനന്തപുരം: വി ടി ബൽറാമിനെതിരെ വീണ്ടും തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബൽറാമിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അവഗണിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ആരാധകവൃന്ദത്തെ വളർത്തുന്നതിൽ വിരോധമില്ലെന്നും എന്നാൽ സ്വയം നിയന്ത്രണം ആണ് പ്രവർത്തകർക്ക് വേണ്ടതെന്നും ഒർമ്മിപ്പിച്ചു.
“ആരാധകവൃന്ദത്തെ വളർത്തുന്നതിൽ വിരോധമില്ല, സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ആരെയും ഇകഴ്ത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നെ പറഞ്ഞിട്ടുള്ളു. സ്ത്രീത്വത്തെ അപമാനിക്കുവാൻ ഒരു തരത്തിലും അനുവദിക്കില്ല. ബൽറാമിനെയും പലഘട്ടങ്ങളിലും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കഴിവും കാര്യശേഷിയുമുള്ള ചെറുപ്പക്കാരെ ഇനിയും പ്രോത്സാഹിപ്പിക്കും. ബൽറാമിന്റെ മറുപടി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു,” മുല്ലപ്പള്ളി പറഞ്ഞു.
Also Read: ബൽറാം നിയന്ത്രണം പാലിക്കണം, കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല: മുല്ലപ്പള്ളി
സാംസ്കാരിക നായകരെയും എഴുത്തുകാരി കെ ആര് മീരയെ വൃക്തിപരമായും അധിക്ഷേപിച്ചുള്ള വിടി ബൽറാമിൻറെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പൊതുസമൂഹത്തിൽ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ‘അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്ത്തകന് സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. എകെജിക്കെതിരേ നടത്തിയ അക്ഷേപങ്ങളുടെ പേരിൽ ബൽറാമിന് താക്കീത് നൽകിയിരുന്നെന്നും ബൽറാം കേൾക്കാൻ തയാറാകുന്നില്ലെന്നും മുല്ലപ്പള്ളി പരിതപിച്ചു.
Also Read: ‘പോ മോനേ ബാല-രാമാ’, വിടി ബൽറാമിനോട് കെആർ മീര
ഇതിന് മറുപടിയായാണ് വി ടി ബൽറാം വീണ്ടും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. തന്റെ സേവനമൊക്കെ കഴിഞ്ഞ് സൗകര്യമുള്ള സമയത്താണ് ഫെയ്സ്ബുക്കിൽ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നും ഇത് സ്വന്തം ഇഷ്ടപ്രകാരമാണെന്നുമായിരുന്നു ബൽറാമിന്റെ പോസ്റ്റ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.