കാസർഗോഡ്: വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്തിന്റെ വീട്ടിലെത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പൊട്ടിക്കരഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മുല്ലപ്പളളിക്ക് ശരത്തിന്റെ സഹോദരി അമൃതയുടെയും പിതാവ് സത്യന്റെയും കണ്ണീരിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. നിയന്ത്രണം വിട്ട് മുല്ലപ്പളളി കരഞ്ഞുപോയി. ആക്രമണത്തിൽ മരിച്ച കൃപേഷിന്റെയും വീട് മുല്ലപ്പളളി സന്ദർശിച്ചിരുന്നു.
(വീഡിയോ കടപ്പാട്: മീഡിയ വൺ)
ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചത്. കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ സൂചനയുണ്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു രണ്ടു പേരും. നേരത്തെ തന്നെ ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊടുവാള്‍ പോലുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശരത് ലാലിന് കഴുത്തിലും കാലുകളിലും വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളിലായാണ് വെട്ടേറ്റത്. 11 സെന്റീമീറ്റര്‍ നീളവും രണ്ട് സെന്റീമീറ്റര്‍ ആഴവും മുറിവിനുണ്ട്. കൃപേഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. ശരത്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.