മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നവനാണ് നല്ല മനുഷ്യനെന്ന് ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വന്തം മനഃസാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാഭവനില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ സ്മരണ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാന്ധിയെ കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നീക്കുന്നതും ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെക്കായി ക്ഷേത്രം പണിയുന്നതും ഗാന്ധി പ്രതിമകള്‍ തകര്‍ക്കുന്നതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍വശത്തായി സവര്‍ക്കറുടെ ചിത്രം തൂക്കുന്നു. ഗാന്ധിജിയെ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാമനും റഹിമും നൈതികതയുടെ ഇരുവശങ്ങളാണെന്നും എന്റെ രാമന്‍ മര്യാദ പുരുഷോത്തമനാണെന്നും ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. ആ ശ്രീരാമന്റെ പേരിലാണ് ഇവിടെ വര്‍ഗീയ ലഹളകള്‍ക്ക് ആസൂത്രിത ശ്രമം നടക്കുന്നത്. ഹിന്ദു മുസ്ലീം മൈത്രിക്കായി ജീവന്‍ ബലിനല്‍കിയ രക്തസാക്ഷിയാണ് ഗാന്ധിജിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഓർമ്മപ്പെടുത്തി.

1924 ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ഒരു ലക്ഷം രൂപ സ്വരൂപിച്ച് പ്രളയ ബാധിതര്‍ക്കു നല്‍കാന്‍ തയ്യാറായ വ്യക്തിയാണ് മഹാത്മാഗാന്ധിജിയെന്നും, പ്രളയാനന്തരം നവകേരള നിര്‍മ്മാണത്തില്‍ ഗാന്ധിജിയുടെ ഹരിത ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ