/indian-express-malayalam/media/media_files/uploads/2018/09/Mullappally-Ramachandran.jpg)
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തിൽ നിലപാട് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. സിപിഎമ്മുമായി സഹകരിച്ച് സമരമില്ല. ഞാൻ പറയുന്നതാണ് പാർട്ടി നിലപാട്. അത് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനിക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്നും മുല്ലപ്പളളി പറഞ്ഞു.
സിപിഎമ്മുമായി സഹകരിച്ചുളള സംയുക്ത സമരത്തിനെതിരെ തുടക്കം മുതലേ എതിർപ്പ് അറിയിച്ച് മുല്ലപ്പളളി രംഗത്തുവന്നിരുന്നു. സിപിഎമ്മിന്റേത് കപട ന്യൂനപക്ഷ പ്രേമമാണെന്നും എല്‍ഡിഎഫുമായി ചേര്‍ന്ന് സംയുക്ത സമരം നടത്തുന്നത് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു മുല്ലപ്പളളി പറഞ്ഞത്.
സംയുക്ത സമര നിലപാടിനോട് കെ.മുരളീധരനും വി.എ.സുധീരനും എതിർപ്പ് അറിയിച്ചു. മോദിയുടെ ശൈലി കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനുമായി രാഷ്ട്രീയമായി സഹകരിക്കുന്നത് പ്രായോഗികമല്ലെന്നാണ് സുധീരൻ പറഞ്ഞത്. ദേശീയ തലത്തില്‍ സോണിയ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒന്നിച്ചുവെന്ന് കരുതി കേരളത്തില്‍ അത് സാധ്യമല്ലെന്നായിരുന്നു കെ.മുരളീധന്‍റെ പ്രതികരണം.
Read Also: പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നാൽ ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍
അതേസമയം, സംയുക്ത സമരത്തെ പിന്തുണച്ച് മുസ്‌ലിം ലീഗും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വി.ഡി.സതീശനും പരസ്യമായി രംഗത്തുവന്നതോടെ പാർട്ടിക്കകത്ത് ഭിന്നത രൂക്ഷമാവുകയാണ്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒന്നിച്ചുള്ള പ്രതിഷേധത്തെ എല്‍ഡിഎഫ് ന്യായീകരിച്ചിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ചുള്ള പ്രതിഷേധത്തെ എതിര്‍ത്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സങ്കുചിത നിലപാടാണെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലടക്കം മുല്ലപ്പള്ളി രാമചന്ദ്രനെടുത്ത നിലപാട് ആർഎസ്എസിനോട് യോജിച്ചുള്ള തരത്തിലാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിനെതിരെയുള്ള സംയുക്ത പ്രക്ഷോഭത്തിന് കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും എൽഡിഎഫ് സ്വാഗതം ചെയ്‌തു. ജനുവരി 26 ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നിരവധി പേരെ അണിനിരത്തിയുള്ള മനുഷ്യച്ചങ്ങല നടത്താനാണ് എൽഡിഎഫ് തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.