/indian-express-malayalam/media/media_files/uploads/2018/09/Mullappally-Ramachandran.jpg)
കാസർഗോഡ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ഭരണത്തിലെത്തിയാൽ ലൈഫ് മിഷന്‍ ഭവന പദ്ധതി പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ മുന്‍പ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ തള്ളുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
"ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ട്. ലൈഫ് മിഷന്‍ ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയും വീടില്ലാത്ത ഒരാളും സംസ്ഥാനത്തില്ല എന്ന സ്ഥിതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യും," മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് എം.എം.ഹസന്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്. ലൈഫ് പദ്ധതിയിക്കെതിരായ യുഡിഎഫിലെ ചില നേതാക്കളുടെ പ്രസ്താവന തദ്ദേശ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ലൈഫിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പകരം അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും കോൺഗ്രസ് എം.പി കെ.മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.
“ലൈഫ് എന്ന തീമിനോടല്ല ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒന്ന് ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തുകളുടെ റോളുകള്‍ വളരെ കുറവായിരുന്നു. രണ്ട് അതിലെ അഴിമതി. അതാണ് വടക്കാഞ്ചേരി പ്രൊജക്ടിലെ അഴിമതി. അല്ലാതെ ലൈഫ് എന്ന പദ്ധതിയെ മൊത്തത്തില്‍ ഒരിക്കലും യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ യുഡിഎഫിന്റെ ചില നേതാക്കളുടെ പ്രസ്താവനകള്‍, അതായത് ഞങ്ങള്‍ വന്നാല്‍ ലൈഫ് നിര്‍ത്തും എന്നൊക്കെയുള്ളത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. സത്യത്തില്‍ യുഡിഎഫ് ഉദ്ദേശിച്ചത് അതിലെ അഴിമതിയാണ്. ലൈഫിലെ അഴിമതിയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുക, ദോഷവശങ്ങള്‍ തള്ളിക്കളയുക അതാണ് യുഡിഎഫിന്റെ നയം. എന്നാല്‍ അതിന് സാധിച്ചില്ല. അതാണ് ഒന്നാമത്തെ തെറ്റ്,” മുരളീധരന്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.