/indian-express-malayalam/media/media_files/uploads/2019/07/Mullappalli-Ramachandran.jpg)
കോഴിക്കോട്: കേരള പൊലീസിൽ ആയുധങ്ങൾ കാണാതായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുൻ എൻഐഎ ഉദ്യോഗസ്ഥനാണ്. അതിനാൽ അന്വേഷണത്തെ തടസപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കും. ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അന്തര്‍ധാര അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. മുഖ്യമന്ത്രി കേന്ദ്രത്തെ ഭയപ്പെടുകയാണ്. നരേന്ദ്രമോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറരുത്.
പിണറായി വിജയനാണോ അതല്ല ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണോ ആഭ്യന്തരമന്ത്രിയെന്ന് വ്യക്തമാവാത്ത അവസ്ഥയാണുള്ളത്. ഡിജിപിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. കോഴിക്കോട്ട് രണ്ട് വിദ്യാർഥികൾക്കെതിരെ കാരണമില്ലാതെ യുഎപിഎ ചുമത്തി. ആയുധം കാണാതായ സംഭവത്തില്‍ ഉത്തരവാദികൾക്കെതിരെ യുഎപിഎ ചുമത്താൻ മുഖ്യമന്ത്രി തയാറാകണം.
ഡിജിപി ലോക്‌നഥ് ബെഹ്റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മുന്‍പും പറഞ്ഞതാണ്. ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.