തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാമതിലിന് പുറകെയാണെന്നും മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.

വനിതാ മതിലിന്റെ പശ്ചാത്തലം ശബരിമല വിധി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെയാണ് വനിതാ മതിലെന്ന ആശയമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതില്‍ വര്‍ഗ്ഗസമര രീതി തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്‍ മതില്‍ തന്നെ നാളെ രൂപം കൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍എസ്എസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ആര്‍എഎസുകാര്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ നമ്മുടെ നാടിന്റെ മത നിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തെയാണ് പിന്തുണച്ചത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ് ആര്‍എസ്എസിന്റെ അയ്യപ്പ ജ്യോതിയെ പിന്തുണച്ചത്. ഇത് ഇരട്ടത്താപ്പാണ്. സമദൂരം എന്ന് പറയുന്നവര്‍ എന്തില്‍ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. മന്നത്തിന്റെ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മകരവിളക്ക് സമയത്ത് സ്ത്രീകള്‍ വരരുതെന്ന് ആവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ മുഖ്യമന്ത്രി തിരുത്തി. സ്ത്രീകള്‍ ശബരിമലയില്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ