/indian-express-malayalam/media/media_files/uploads/2019/02/mullapally-ramachandran.jpg)
തിരുവനന്തപുരം: കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. താനും മനുഷ്യനാണെന്നും നിയന്ത്രണം വിട്ടു പോയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കാര്യങ്ങളെ ആത്മസംയമനത്തോടെ നേരിടുന്നയാളാണ് താന്‍. അങ്ങനെ തന്നെയാണ് ആ വീട്ടിലെത്തിത്. എന്നാല്‍ ശരത്തിന്റെ സഹോദരിയുടെ കരച്ചില്‍ കണ്ടപ്പോള്‍ സ്വന്തം സഹോദരിയുടെ മകളെയോ സ്വന്തം മകളെയോ ആണ് ഓര്‍മ്മ വന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. അവള്‍ പറഞ്ഞത് വളരെ ഹൃദയ സ്പര്‍ശിയായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
''നിങ്ങളെല്ലാവരും പോകും. ഏട്ടന്‍ ഈ വീട്ടിലില്ല. അച്ഛന്‍ തളര്‍ന്നു കിടക്കുകയാണ്. എന്ത് സുരക്ഷിതത്വമാണ് എനിക്കുള്ളത്. എന്നെ രക്ഷിക്കാന്‍ ആരാണുള്ളത്. ഈ വീട് ആരാണ് നോക്കുക. അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് തേങ്ങിപ്പോയത്'' മുല്ലപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അവളുടെ കരച്ചില്‍ അത്രയും ഹൃദയ സ്പര്‍ശിയായിരുന്നുവെന്നും പൊതുവെ ആത്മനിയന്ത്രണം പാലിക്കാറുള്ള തനിക്ക് ആ സമയത്ത് നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ നിയന്ത്രിക്കാമായിരുന്നു എന്നു തോന്നിയെങ്കിലും താന്‍ മനുഷ്യനാണെന്നും കരിങ്കല്ലല്ല തന്റെ ഹൃദയമെന്നും അദ്ദേഹം പറഞ്ഞു.
വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മുല്ലപ്പളളി രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മുല്ലപ്പളളിക്ക് ശരത്തിന്റെ സഹോദരി അമൃതയുടെയും പിതാവ് സത്യന്റെയും കണ്ണീരിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. നിയന്ത്രണം വിട്ട് മുല്ലപ്പളളി കരഞ്ഞുപോയി. ആക്രമണത്തില്‍ മരിച്ച കൃപേഷിന്റെയും വീട് മുല്ലപ്പളളി സന്ദര്‍ശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.