‘കാറ് വാങ്ങാന്‍ ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടും’; രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനെതിരെ മുല്ലപ്പള്ളി

ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നാണ് രമ്യ വ്യക്തമാക്കിയത്

Remya Haridas, രമ്യ ഹരിദാസ്, Congress, കോണ്‍ഗ്രസ്, car, കാര്‍, alathur, ആലത്തൂര്‍

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുളള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവം വിവാദമായതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗത്തിന് വായ്പ ലഭിക്കുമെന്നും ഇത് ഉപയോഗിച്ചാണ് കാര്‍ വാങ്ങേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അവര്‍ക്ക് തീര്‍ച്ചയായും ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും. അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് കൃത്യമായ രീതിയില്‍ ബാങ്കിലേക്ക് അടവ് അടക്കാന്‍ സാധിക്കും. ഞങ്ങളൊക്കെ അങ്ങനെയാണ് ചെയ്തത്. അല്ലാതെ യൂത്ത് കോണ്‍ഗ്രസ് ചെയ്തത് പോലെ പിരിവ് എടുത്തല്ല വാഹനം വാങ്ങേണ്ടത്. വ്യക്തിപരമായി ഞാന്‍ അതിന് എതിരാണ്,’ മുല്ലപ്പളളി തുറന്നടിച്ചു.

ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നാണ് രമ്യ വ്യക്തമാക്കിയത്.’യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസ് ഒരു സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആലത്തൂര്‍ക്കാര്‍ക്ക് കൂടുതല്‍ സേവനം ലഭിക്കാനായാണ് തങ്ങളുടെ എംപിക്ക് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. അതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ഒന്‍പതാം തീയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കുന്ന വാഹനം താന്‍ വാങ്ങിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Read More: രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ആയിരം രൂപ പിരിവ്; വിവാദം

‘കൈയ്യില്‍ അഞ്ചിന്‍റെ പൈസ ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. മൂന്ന് ജോഡി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോഡി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്. സുതാര്യമായ ബാങ്ക് അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക് ആളുകള്‍ നല്‍കിയ പണമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും രമ്യ വ്യക്തമാക്കി.

രമ്യയ്ക്കു സഞ്ചരിക്കാന്‍ കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഓഗസ്റ്റ് 9 ന് വടക്കാഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും.

കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.

എന്നാല്‍ സംഭാവന രസീത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും പൊട്ടിപുറപ്പെട്ടു. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശമ്പളവും മറ്റ് അലവന്‍സും അടക്കം മാസം രണ്ട് ലക്ഷത്തോളം രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullappally ramachandran criticizes youth congress remya haridas mp justifies youth congress s move to buy her a new car

Next Story
കൊച്ചി മെട്രോയുടെ പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരംKochi Metro, കൊച്ചി മെട്രോ, trail run, പരീക്ഷണ ഓട്ടം, maharajas college, മഹാരാജാസ് കോളേജ്, kadavanthra കടവന്ത്ര
The moderation of comments is automated and not cleared manually by malayalam.indianexpress.com