/indian-express-malayalam/media/media_files/uploads/2019/03/Mullapplly-Ramachandran-VT-balram.jpg)
തിരുവനന്തപുരം: എഴുത്തുകാരി കെ ആർ മീരയും വിടി ബൽറാം എംഎൽഎയും തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വാക്ക്പോര് വിഷയത്തിൽ, ബൽറാമിനെതിരെ വിമർശനം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല. അധിക്ഷേപസ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ന്യൂസ് 18 ചാനലിന്റെ 'വരികൾക്കിടയിൽ' എന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
കെ ആർ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ച ആളാണെന്നും ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി. സോഷ്യൽമീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട്. കോൺഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകൾ പോലും ആരോഗ്യപരമായ വിമർശനമല്ല നടത്തുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പെരിയ ഇരട്ടക്കൊലക്കേസിൽ എഴുത്തുകാർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന്റെ നേതാവ് വിടി ബൽറാമിനെതിരെ കെ ആർ മീര നൽകിയ മറുപടിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കെ ആർ മീരയുടെ പോസ്റ്റിന് ബൽറാം നൽകിയ മറുപടി ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. എഴുത്തുകാരിയെ തെരുവിൽ നിന്നെന്ന പോലെ മറുപടി നൽകുന്നത് കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.