തിരുവനന്തപുരം: കണ്ണൂരിനെയും മലബാറിനെയും കൊലക്കളമാക്കിയ പാർട്ടിയാണ് സിപിഎമ്മെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊലപാതക സംഘത്തെ പാലൂട്ടി വളർത്തിയ സിപിഎം വിചാരിച്ചാൽ കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതിയാരോപണങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം കൊലപാതകത്തെ ഉപയോഗിക്കുകയാണ്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു തുടക്കം കുറിച്ചതു കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേര്‍ന്നാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ടു വീണുകിട്ടിയ അവസരം സിപിഎം ഉപയോഗിക്കുകയാണ്. പെരിയ ഇരട്ടക്കൊലയുടെ പ്രതികാരമാണ് വെഞ്ഞാറമ്മൂട്ടില്‍ നടന്നതെന്നാണു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പെരിയ ഇരട്ടക്കൊല നടത്തിയതു സിപിഎമ്മാണെന്ന് ഇതിലൂടെ സമ്മതിച്ചിരിക്കുകയാണ്. പെരിയ സംഭവത്തിനുശേഷം കോണ്‍ഗ്രസ് ഏതെങ്കിലും സിപിഎം ഓഫീസുകള്‍ തകര്‍ത്തതു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമം കോൺഗ്രസ് നയമല്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു.

Read More: കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നു: രമേശ് ചെന്നിത്തല

സിപിഎം ആയുധം താഴെവയ്ക്കാന്‍ അണികള്‍ക്കു നിര്‍ദേശം കൊടുത്താല്‍ കേരളത്തില്‍ അക്രമ രാഷ്ട്രീയം അവസാനിക്കും. പോലീസും അന്വേഷണവുമല്ല അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനുള്ള വഴി. സമാധാനം തിരികെ കൊണ്ടുവരും വരെ കോൺഗ്രസ് സമരങ്ങൾ തുടരും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 30 കൊലപാതകം നടന്നു.

നേതാക്കൾ പ്രകോപനപരമായ പ്രസ്താവന നടത്തുകയാണെന്ന് പറഞ്ഞ മുല്ലപ്പള്ളി കൊലപാതകത്തെ അപലപിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വെഞ്ഞാറമൂട് കൊലപാതകത്തിൽ ആറ്റിങ്ങൽ ഡിവൈഎസ് പി യുടെ പ്രതികരണം കേൾക്കണം. പെരിയ കൊലപാതകം സിപിഎമ്മാണ് നടത്തിയതെന്നതിൻ്റെ തെളിവാണ് ഇന്നലെ കോടിയേരി എറണാകുളത്ത് നടത്തിയ പ്രതികരണത്തിൽ നിന്ന് മനസിലാവുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വ്യാപകമായി ആസൂത്രിതമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ഇതുവരെ 143 ഓഫീസുകള്‍ തകര്‍ത്തു.

“ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട. ഒരു അക്രമത്തെയും കോണ്‍ഗ്രസ് ന്യായീകരിക്കില്ല. ന്യായമായ അന്വേഷണം നടത്തണം,” പൊലീസിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നുണ്ടായ കൊലപാതകങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തെ ജനം പുച്ഛിച്ച് തള്ളുമെന്നും കൊലപാതക രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.