തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെപിസിസ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയെ കോഫേപോസ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

“അഞ്ചുമുതല്‍ 15 ദിവസം വരെയുള്ള സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് നിയമം. എത്രയും പെട്ടെന്ന് സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യണം. സ്പ്രിങ്കളര്‍ ഇടപാടിന്റെ മുഖ്യസൂത്രധാരന്‍ ഐടി സെക്രട്ടറി ശിവശങ്കറായിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍, ഇ-ബസ് ഇടപാടുകളുടെയും സൂത്രധാരന്‍ ഇദ്ദേഹമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം,” മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കണ്ണടച്ച് പാല്‍കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നത്. സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും മുഖ്യമന്ത്രിയോ പാര്‍ട്ടിയോ അറിയാതെ ഒരു നിയമനവും നടന്നിട്ടില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സമരപരിപാടികള്‍ ആരംഭിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Also Read: സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളിൽ സന്തോഷിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും ജനം തിരിച്ചറിയുമെന്ന് ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നൽകിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു. 2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു. വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി,” ഉമ്മൻ ചാണ്ടി പറഞ്ഞു.

Also Read: സ്വർണ്ണക്കടത്ത്: തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടില്ലെന്ന് കോടിയേരി; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള തന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എന്ന വാചകത്തോടെയാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതികൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിനെ തേടിയെത്തിയ ആദ്യ ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. എന്നാൽ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Also Read: സ്വർണ്ണക്കടത്ത്: പിടിക്കപ്പെട്ടതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്‌തു, ഫോറൻസിക് പരിശോധന നടത്തും

സ്വർണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി തൽസ്ഥാനത്തുനിന്ന് നീക്കി. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. ഇതിനുപിന്നാലെ ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷ നൽകി. അതേസമയം, പുതിയ ഐടി സെക്രട്ടറിയായി എം.മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം പോലും തേടാതെയാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ നീക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.