/indian-express-malayalam/media/media_files/uploads/2018/09/Mullappally-Ramachandran.jpg)
കീഴാറ്റൂര്‍ ബൈപാസിന്റെ കാര്യത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയലിലൂടെ തന്നെ ബൈപാസ് നിര്‍മ്മിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മും ബിജെപിയും ചേർന്ന് വയല്‍ക്കിളികളെ പച്ചയ്ക്ക് പറ്റിച്ചു. അവിടുത്തെ പരിസ്ഥിതി പ്രശ്‌നം ഇരുകൂട്ടരും സൗകര്യപൂര്‍വം വിസ്മരിച്ചു എന്ന് പറഞ്ഞ മുല്ലപ്പളളി രാമചന്ദ്രൻ, സിപിഎമ്മും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് ഒത്തുകളിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിതെന്നും കൂട്ടിച്ചേർത്തു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി ഏറ്റവും പ്രകടമായി കണ്ടത് ശബരിമലയിലാണ്. അവിടെ ബിജെപിക്ക് സിപിഎം കളം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തളര്‍ത്തുകയെന്ന ബിജെപിയുടെയും സംസ്ഥാനതലത്തില്‍ തളര്‍ത്തുകയെന്ന സിപിഎമ്മിന്റെയും അജണ്ടകൾ ശബരിമലയിലൂടെ ഒരുമിച്ച് പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇപ്പോള്‍ ശബരിമല സംഘപരിവാര്‍ ശക്തികളുടെ വാട്ടര്‍ ലൂ ആയി മാറുകയും സര്‍ക്കാരിന് വലിയ ജനരോഷം നേരിടേണ്ടി വരുകയും ചെയ്‌തെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കെ. സുരേന്ദ്രന്‍, ശശികല തുടങ്ങിയ തീവ്രഹിന്ദു നിലപാടുകാരെ വലിയ നേതാക്കളാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതു തന്നെ ബിജെപിയുമായി ഒത്തുകളിച്ചാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എല്ലായിടത്തും മാധ്യമങ്ങളെ എത്തിച്ചു നൽകുന്നു. ബിജെപിയെ ജനശ്രദ്ധയില്‍ നിര്‍ത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.