ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിക്കണോ എന്ന കാര്യത്തിലാണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇരു നേതാക്കളും അറിയിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നത്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അതേസമയം, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച കെ.സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകും. വ്യക്തിപരമായ താല്‍പര്യം കൊണ്ടാണ് മത്സരിക്കാൻ താല്‍പര്യമില്ലാത്തതെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അന്തിമ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ച്ച് 15 നകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.