മലപ്പുറം: അനില്‍ അക്കര എംഎല്‍എ കെപിസിസി അധ്യക്ഷനെതിരെ നടത്തിയ ഫെയ്സ്ബുക്ക് പരാമര്‍ശത്തില്‍ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫെയ്സ്ബുക്കിലെ അപകീര്‍ത്തി നാടകത്തില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പങ്കുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ഇന്റേണല്‍ സംവിധാനം തന്നെ ഉപയോഗിക്കണം. ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോഷ്യല്‍ മീഡിയ. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൈ മുറിയുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറം ഡിസിസി സംഘടിപ്പിച്ച ജില്ലാ നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

Read Also: ‘മുല്ലപ്പള്ളിക്കാകാമെങ്കില്‍ എനിക്കും ആകാം’; ആഞ്ഞടിച്ച് അനില്‍ അക്കര

സിപിഐയെ കോൺഗ്രസിനൊപ്പം കൂടാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തിട്ടുണ്ട്.  സിപിഐയുമായി ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെ കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന പാർട്ടിയായി സിപിഎം മാറി.  സിപിഐ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങള്‍ ഭരിച്ച ഒരു കാലമുണ്ടായിരുന്നു. അതെല്ലാം മനസിൽ വച്ചാണ് ഇക്കാര്യം താനിവിടെ പറയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മലപ്പുറത്ത് പറയുകയുണ്ടായി.

ഒരുപാട് നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഐ. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യുഡിഎഫില്‍ എന്നുമുണ്ട്. പാർട്ടിയുടെ അധഃപതനത്തിൽ സിപിഎമ്മിലെ തന്നെ നല്ലവരായ പാർട്ടി പ്രവർത്തകർ നിരാശരാണ്. സിപിഎമ്മിലെ നല്ല പ്രവർത്തകരെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.