തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിഗൂഢ രാഷ്ട്രീയലക്ഷ്യമുള്ളവരാണ് ഇതിൽ ജാതീയത കാണുന്നതെന്നും മുല്ലപ്പള്ളി ന്യായീകരിച്ചു.

“വിവാദം അർത്ഥശൂന്യമാണ്. വിഷയദാരിദ്ര്യം കൊണ്ടാണ് ഇത്തരം കാര്യങ്ങൾ സിപിഎം വലിയ വിവാദമാക്കുന്നത്. വിവാദമാക്കേണ്ട ആവശ്യമില്ല. ഇതൊരു അടഞ്ഞ അധ്യായമാണ്,” മുല്ലപ്പള്ളി പറഞ്ഞു.

“പിണറായിയെ വീരപുരുഷനായി ചിത്രീകരിക്കാൻ മാർക്‌സിസ്റ്റ് പാർട്ടി അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം ആയുധമാക്കാറുണ്ട്. സുധാകരൻ പറഞ്ഞത് കണ്ണൂർ രാഷ്ട്രീയത്തിന്റെ ശൈലിയാണ്. സിപിഎമ്മും കോൺഗ്രസും മുഖാമുഖം ശക്തമായി ഏറ്റുമുട്ടുന്ന സ്ഥലമാണ് കണ്ണൂർ. ഇതുപോലെ കർക്കശമായ ശൈലിയിലാണ് കണ്ണൂരിൽ ഇരു പാർട്ടികളും ഏറ്റുമുട്ടുന്നത്. മുഖ്യമന്ത്രിയെ സുധാകരൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല,” മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ നടത്തിയ ‘ചെത്തുതൊഴിലാളിയുടെ മകന്‍’ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ന്യായീകരിച്ചു. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരഭിപ്രായമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ താൻ എതിർത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകളെയും ചെന്നിത്തല നിഷേധിച്ചു.

Read Also: ‘പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്’; സുധാകരനോട് മാപ്പ് പറഞ്ഞ് ഷാനിമോൾ ഉസ്മാൻ

“ഇന്നലെ പത്രമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഞാനൊരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം. സുധാകരന്‍ എത്രയോ വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്കങ്ങനെ ഒരു അഭിപ്രായവുമില്ല. ഇന്നലെ ഞാന്‍ പറഞ്ഞതിനെ വേറെ രീതിയില്‍ ചിത്രീകരിച്ചതാണ്. സുധാകരനോട് ഞാന്‍ തന്നെ ഫോണില്‍ സംസാരിച്ച് അദ്ദേഹമെന്നോട് വളരെ വിശദമായി ഇക്കാര്യം പറഞ്ഞതാണ്. സുധാകരന്‍ അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല,” ചെന്നിത്തല പറഞ്ഞു.

കെ.സുധാകരന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

പിണറായി വിജയൻ ആരാ, എനിക്കും നിങ്ങൾക്കും അറിയാം പിണറായി ആരെന്ന്. പിണറായിയുടെ കുടുംബം എന്താ. എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയേറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുമ്പിൽനിന്ന് നിങ്ങൾക്ക് നേതൃത്വം കൊടുത്ത പിണറായി വിജയൻ ഇന്ന് എവിടെ. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്നൊരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപോസ്തലൻ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അഭിമാനോ നിങ്ങൾക്ക് അപമാനമോ ആണോ. സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.