കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് താന്‍ നേരത്തെ തന്നെ അസന്നിഗ്‌ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നതയൊന്നും ഇല്ലെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

Read Also: തരംതാണ രാഷ്ട്രീയക്കളിയാണ് ഗവർണറുടേത്; പരസ്യമായി ഏറ്റുമുട്ടി സിപിഎം

ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന് എന്നും വ്യക്തമായ നിലപാടുണ്ടെന്നും ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി കാണുക മാത്രമാണ് സിപിഎം എല്ലാക്കാലത്തും ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫുമായി ചേര്‍ന്ന് സമരമില്ലെന്നും യുഡിഎഫ് സ്വന്തം നിലയില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും വ്യക്തമാക്കി.

കേരള ഗവര്‍ണർക്കെതിരെയും യുഡിഎഫ് യോഗത്തിൽ വിമർശനമുണ്ടായി. പദവിയുടെ മാന്യതയും അന്തസ്സും ഉൾക്കൊള്ളാതെ നടത്തുന്ന പ്രസ്താവനയാണ് ഗവർണർ നടത്തുന്നത്. ഗവർണർ എന്ന പദവിക്ക് അത് ഭൂഷണമല്ല. ഗവർണർ നടത്തുന്ന പരസ്യ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ അത്ഭുതം തോന്നുന്നു. ഗവർണർക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ മൗനം തെറ്റാണെന്നും ഗവർണറെ കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.