തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകളില്‍ നീരസം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കളുടെ പരസ്പരമുള്ള പഴിചാരല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് ചന്ത അല്ലെന്ന് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പിലേറ്റ തോല്‍വി ഈ മാസം 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കും. പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യും. ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ച ആവശ്യമില്ല. പാര്‍ട്ടിയെ ഒരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ലെന്ന് നേതാക്കളെ ബോധ്യപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also: പൊട്ടിക്കരഞ്ഞ് ജീവനക്കാരന്‍; ആശ്വസിപ്പിച്ച് മേയര്‍ ബ്രോ, വീഡിയോ

തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണും. എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് കൂട്ടിച്ചേര്‍ത്തു.

കോന്നിയിലെയും വട്ടിയൂർക്കാവിലെയും തിരഞ്ഞെടുപ്പ് തോൽവിയും എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞതും കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യമായി പഴിചാരാനും ആരംഭിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേതാക്കൾ പരസ്യ പ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.