Latest News

മുല്ലപ്പെരിയാര്‍: മരം മുറി ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോർട്ട്‌ പ്രകാരം ആണ് നടപടിയെടുത്തത്

Mullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് പരിസരത്തെ 15 മരങ്ങള്‍ വെട്ടി മാറ്റാന്‍ തമിഴ്നാടിന് അനുവദം നല്‍കിക്കൊണ്ട് ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോർട്ട്‌ പ്രകാരം ആണ് നടപടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച ഉത്തരവ് പുറത്തിറങ്ങിയത്.

അതേസമയം, മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. തമിഴ്നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മരങ്ങള്‍ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പറയുന്നു.

കേരളം സുപ്രീംകോടതി മുമ്പാകെ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 2021 ജനുവരി 22 ന് ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ മരം മുറിക്കല്‍ അനുവദിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേയും ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.

Also Read: ഇന്ധന വില: പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; 18 ന് സംസ്ഥാന വ്യാപക സമരം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullaperiyar tree felling order officer suspended

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com