തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 136 അടിക്ക് താഴെയെത്തി. 135.45 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിരുന്നു. എന്നാൽ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോഴാണ് തമിഴ്‌നാട് പെരിയാറിലേക്ക് വെളളം തുറന്നുവിട്ടത്.

ഇപ്പോൾ സെക്കന്‍റില്‍  500 ഘനയടിയോളം വെള്ളം മാത്രമാണ് അണക്കെട്ടിലേക്കെത്തുന്നത്.  6.6 ടിഎംസി വെള്ളമാണ് പെരിയാറിലൂടെ ഇടുക്കിയിലെത്തിയത്. പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതിൽ മുല്ലപ്പെരിയാർ അണക്കെട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട് സംഘത്തിന്റെ ഭാഗത്ത് തെറ്റുണ്ട്.

ജൂൺ മാസം തുടക്കത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 116 അടിയായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് രണ്ട് മാസം മഴ തകർത്ത് പെയ്‌തതോടെ ജലനിരപ്പ് 136 അടിയായി ഉയർന്നു. ജലനിരപ്പ് 135.95 ൽ എത്തിയപ്പോഴും ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന വാദമാണ് അണക്കെട്ടിന്റെ മേൽനോട്ട സമിതി ചെയർമാൻ പറഞ്ഞത്.

എന്നാൽ ഇതിന് ശേഷം മഴ കുറയുകയും ജലനിരപ്പ് 130 അടിയിലേക്ക് താഴുകയും ചെയ്തു. എന്നാൽ പത്ത് ദിവസത്തിന് ശേഷം വീണ്ടും മഴ കനത്തു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഓഗസ്റ്റ് 15 ന് പുലർച്ചെ ജലനിരപ്പ് 140 അടി തൊട്ടതോടെയാണ് അണക്കെട്ടിന്റെ 13 സ്പിൽവേകളും തമിഴ്‌നാട് തുറന്നത്. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജലനിരപ്പ് 142.30 അടിയിലെത്തി. പല തവണ യാതൊരു മുന്നറിയിപ്പുമില്ലാതെ ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook