തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതിനാൽ ഇന്നലെ രാത്രി ഉയർത്തിയ രണ്ടു ഷട്ടറുകൾ തമിഴ്നാട് അടച്ചു. നാല് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്.
ഇന്നലെ പുലർച്ചെ മുന്നറിയിപ്പില്ലാതെ കൂടുതൽ ഷട്ടറുകൾ തമിഴ്നാട് ഉയർത്തിയിരുന്നു. ഒമ്പത് ഷട്ടറുകൾ തുറന്നാണ് ഇന്നലെ അധിക ജലം പുറത്തുവിട്ടത്. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയരുകയും പലയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു.
മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിൽ കേന്ദ്ര ജലകമ്മിഷന് പരാതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ സർക്കാർ സജജമാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയാണ്. മുല്ലപ്പെരിയാറിൽ നിന്നും ജലം ഒഴുകിയെത്തുന്നുണ്ടെങ്കിലും ഡാം തുറക്കേണ്ട സാഹചര്യം ഒന്നുമില്ലെന്ന് കെഎസ്ഇബി ഇന്നലെ അറിയിച്ചിരുന്നു. വൈദ്യുത ഉത്പാദനം കൂട്ടി ജലനിരപ്പ് 2401 അടിയിൽ താഴെയായി നിലനിർത്താനാണ് ശ്രമം. ജലനിരപ്പ് 2401 അടി പിന്നിട്ടാൽ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.
അതേസമയം, കേരളത്തിൽ മഴയ്ക്ക് ശമനമുണ്ട്. അടുത്ത അഞ്ചു ദിവസം ഒരു ജില്ലകളിലും നിലവിൽ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 12 മണിക്കൂറിൽ ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ ബംഗാൾ ഉൾക്കടലിൽ എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
നാളെയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
Also Read: വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി