തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ രണ്ടെണ്ണം അടച്ചു. നിലവിൽ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. 141.50 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.
ജലനിരപ്പ് ഉയർന്നതോടെ ഇന്നലെയാണ് ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തിയത്. രാവിലെ ഒരു ഷട്ടറും ഉച്ചയ്ക്ക് ശേഷം അഞ്ച് ഷട്ടറും രാത്രിയോടെ രണ്ടു ഷട്ടറുകളും കൂടിയാണ് ഇന്നലെ ഉയർത്തിയത്. അതിൽ രണ്ടെണ്ണമാണ് ഇന്ന് രാവിലെ അടച്ചത്. 142 അടിയാണ് റൂൾ കർവ് പ്രകാരം ഡാമിൽ ഇപ്പോൾ അനുവദനീയമായ ജലനിരപ്പ്.
നേരത്തെ മൂന്നെണ്ണം 60 സെന്റിമീറ്ററും നാലു ഷട്ടർ 30 സെന്റിമീറ്ററുമാണ് തുറന്നിരുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് രണ്ടടിയോളം ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം ഘട്ടംഘട്ടമായി രാവിലെ ഒമ്പത് മണി മുതൽ പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തിൽ പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.
ജലനിരപ്പ് ഉയർന്നതിനാൽ ആളിയാർ ഡാമിന്റെ 11 ഷട്ടറുകൾ 21 സെന്റിമീറ്റർ വീതവും ഇടുക്കി കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ പത്ത് സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
Also Read: ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അലർട്ട് ഇല്ല