തൊടുപുഴ: ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കാന്‍ തമിഴ്നാട്. മൂന്ന് ഷട്ടറുകളും 70 സെന്റി മീറ്ററാക്കി ഉയര്‍ത്തി. നേരത്തെ 30 സെന്റി മീറ്റര്‍ മാത്രമായിരുന്നു ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തിലാണ് നടപടി.
ഇതോടെ മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്‍ഡില്‍ 825 ഘനയടിയായി ഒഴുകിയിരുന്ന വെള്ളത്തിന്റെ അളവ് 1675 ഘനയടിയായി ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്.
“2018 ല്‍ ഡാം തുറക്കുന്നതില്‍ മുന്നറിയിപ്പ് പോലും നമുക്ക് ലഭിച്ചിരുന്നില്ല. ഇത്തവണ ഓരോ നടപടികളും നമുക്ക് അറിയാന്‍ സാധിച്ചു. തമിഴ്നാടിന്റെ ഭാഗത്ത് നിന്ന് വളരെ സൗഹാര്‍ദപരമായ സമീപനമാണ് ഉണ്ടായിട്ടുള്ളത്. തമിഴ്നാടിന് ആവശ്യമായുള്ള ജലം കൊടുക്കുക. നമുക്ക് സുരക്ഷിതമായൊരു ഡാം. ഇത് രണ്ടിലേക്കുമാണ് നിലവില്‍ വിരല്‍ ചൂണ്ടുന്നത്. കൂടിയാലോചിച്ച് തൃപ്തികരമായ തീരുമാനത്തില്‍ എത്താനാകുമെന്നാണ് കരുതുന്നത്,” മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കക്കി ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ. വീതം ഉയര്‍ത്തി. പമ്പാ നദിയുടേയും കക്കാട്ടാറിന്റേയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് അധികൃതര്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍: മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല
മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. നിലവില്‍ 138.85 അടിയാണ് ജലനിരപ്പ്. ഇന്നലെ രാത്രിയോടെയാണ് മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 826 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത്.
കേരളത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു മൂന്നാമത്തെ ഷട്ടറും തുറന്നത്. റൂള്‍ കര്‍വ് പ്രകാരം 138 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മഴ തുടരുന്നതായാണ് വിവരം. മൂന്നാം ഷട്ടറും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരയടിയോളം ഉയര്‍ന്നു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തേക്കടിയില്‍ തുടരുകയാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര്‍ ഡാം തുറന്നത്. 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളം മാത്രമേ തുറന്ന് വിടുകയുള്ളൂവെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്.
ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപാര്‍പ്പിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.