തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റെ ഇന്ന് രാവിലെ തുറന്ന ഒമ്പത് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. നിലവിൽ അഞ്ച് ഷട്ടറുകൾ 60 സെന്റിമീറ്ററും ഒരു ഷട്ടർ 30 സെന്റിമീറ്ററും വീതം ഉയർത്തി 4712.82 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. 141.80 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.
ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് പുലർച്ചെ 5.15 മുതൽ ഇന്നലെ തുറന്നിരുന്ന ഒരു ഷട്ടറിനു പുറമെ നാല് ഷട്ടറുകൾ കൂടി 30 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ആറ് മണിയോടെ ഇവ 60 സെന്റിമീറ്ററായി ഉയർത്തി. 06.45 ഓടെ രണ്ടു ഷട്ടറുകളും ഏഴ് മണിയോടെ മറ്റു രണ്ടു ഷട്ടറുകളും കൂടി തുറന്ന് കൂടുതൽ ജലം ഒഴുക്കുകയായിരുന്നു. ഒമ്പത് ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. പലയിടങ്ങളിലും വെള്ളം കയറി.
കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗർ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു.
അതേസമയം, മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കേരളം ഇടക്കാല സത്യവാങ്മൂലം നൽകുക. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹർജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.
തമിഴ്നാട് സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.
അണക്കെട്ട് രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നത് പതിവായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. രാത്രി വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
Also Read: ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു