ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിലെ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു. നാളെ മുതൽ മുല്ലപ്പെരിയാറിലെ റൂൾ കർവ് പരിധി 138.4 അടിയാണ്. നിലവിലെ സാഹചര്യത്തിൽ ഈ അളവിലേക്ക് ജലനിരപ്പ് താഴും എന്നാണ് കണക്കുകൂട്ടൽ.
ഇന്നലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. ആകെയുള്ള 13 ഷട്ടറും തുറന്ന് സെക്കൻഡിൽ 8627 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ആദ്യം 10 ഷട്ടറുകളാണ് തുറന്നിരുന്നത്. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് മുഴുവൻ ഷട്ടറുകളും തുറന്നത്.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. 350 ക്യൂമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവില്ല. ജലനിരപ്പ് താഴുന്നില്ലെങ്കിലും ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്നുവിട്ടേക്കില്ല. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയതായാണ് വിവരം.