തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം തുറന്നു വിടുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വച്ചിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം മേല്‍നോട്ട സമിതിയെന്ന നിര്‍ദേശവും കേരളത്തിന്റെ അപേക്ഷയിലുണ്ട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. വെള്ളിയാഴ്ച കേരളത്തിന്റെ അപേക്ഷ കോടതി പരിഗണിക്കും.
അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുന്നത് പതിവായതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മുന്നറിയിപ്പില്ലാതെ നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിട്ടും തമിഴ്നാട് നിരസിക്കുകയാണ്.
തമിഴ്നാടിന്റെ നടപടിക്കെതിരെ പ്രദേശവാസികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതിനെ തുടർന്ന് പല വീടുകളിലും വെള്ളം കയറുകയും ജനജീവിതം ദുഷ്കരമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റി പാര്‍പ്പിച്ചിരുന്നു.
Also Read: ”ജനറല്‍ റാവത്തിന് പാഴാക്കാന്‍ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല”