തിരുവനന്തപുരം: രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് വെള്ളമൊഴുക്കുന്നതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. നാളെ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
അണക്കെട്ട് രാത്രി കാലങ്ങളില്‍ തുറക്കുന്നത് പതിവായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. രാത്രി വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
മുല്ലപ്പെരിയാർ ഡാമിന്റെ ഇന്നലെ തുറന്ന ഒമ്പത് ഷട്ടറുകളിൽ എട്ടും അടച്ചു. നിലവിൽ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 141.90 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ഒമ്പത് ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയിരുന്നു.
12654 ഘനയടി വെള്ളമാണ് ഇന്നലെ പുറത്തേക്കൊഴുക്കിയത്. രാത്രി പത്ത് മണിയോടെ മൂന്ന് ഷട്ടറുകൾ അടച്ചു പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 8000 ഘനയടി ആയി കുറച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മറ്റു ഷട്ടറുകളും കൂടി അടച്ചത്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമും ഇന്ന് രാവിലെ തുറന്നിരുന്നു. നിലവിൽ 60 സെന്റിമീറ്റർ ഉയർത്തി 6000 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ഈ വർഷം നാലാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്. 2401.58 അടിയാണ് ഡാമിലെ ജലനിരപ്പ്.
Also Read: കർഷക സമരം: ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാർ; അന്തിമ തീരുമാനം നാളെയെന്ന് എസ്കെഎം