തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. ഇടുക്കി ഡാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് – അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്താൻ സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന് പത്ത് മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് കെഎസ്ഇബി രാവിലെ അറിയിച്ചിരുന്നു. 2399.40 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിൽ; സ്പിൽവേ ഷട്ടറുകൾ തുറന്നു
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. രാവിലെ എട്ട് മണിക്കാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 141 അടിയിൽ എത്തിയതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയിൽ എത്തിയത്. രാവിലെ എട്ട് മണിമുതൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. രണ്ടു സ്പിൽവേ ഷട്ടറുകൾ 30 സെന്റിമീറ്റർ തുറന്ന് സെക്കൻഡിൽ 22,000 ലിറ്റർ ജലമാണ് ഒഴുക്കിവിടുന്നത്.
ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ രാത്രി 11 മണിക്ക് തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 10,000 ലിറ്റർ ജലമാണ് ഒഴുക്കി വിടുന്നത്. കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലർട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്