തൊടുപുഴ: കനത്ത മഴയെതുടര്‍ന്ന ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാം തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീ മീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മഴ കനക്കുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതില്‍ തീരുമാനം എടുക്കും. നിലവില്‍ ഡാമിലെ ജലനിരപ്പ് 2398.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് റെഡ് അലര്‍ട്ടിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഡാം തുറന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഈ വര്‍ഷം രണ്ടാം തവണെയാണ് ഡാം തുറക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ആറ് തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്.
റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ഓറഞ്ച് അലർട്ട് 2398.03 അടിയും ബ്ലൂ അലർട്ട് 2392.03 അടിയുമാണ്. ഡാമിന്റെ സമീപ പ്രദേശത്തും പെരിയാര്‍ തീരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തിയ സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് തുറന്നേക്കുമെന്ന് സൂചന. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. 4,400 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് എത്തുന്നത്.
റൂൾ കർവ് പ്രകാരം ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയിൽ ക്രമീകരിക്കാൻ തമിഴ്‌നാടിന് സാധിക്കും. കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് കൂടിയതോടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 1867 ഘനയടിയായി ഉയര്‍ത്തി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിന്റേയും സംഭരണ ശേഷി ഉയര്‍ന്നു കഴിഞ്ഞു.