ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ കേരളം നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ രാത്രിയിൽ അണക്കെട്ടിൽ നിന്നും ജലം തുറന്നു വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് പരിഗണിക്കുക. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ട ജലത്തിന്റെ അളവ് തീരുമാനിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള കാര്യങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിന്റെ പരാതി തള്ളി തമിഴ്നാട് ഇന്നലെ സുപ്രീം കോടതിയിൽ മറുപടി നൽകി. മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നിട്ടില്ല. കേരളത്തെ അറിയിച്ചാണ് ജലം ഒഴുക്കിയതെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് വാദിച്ചു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നതെന്നും കേരളത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട് വ്യക്തമാക്കി.