കൊച്ചി: മാണി സി.കാപ്പൻ എൽഡിഎഫ് വിട്ട് കോൺഗ്രസിലേക്ക് വന്നാൽ സന്തോഷമേയുളളൂവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. പാലാ സീറ്റ് വിട്ടുനൽകുന്നതിൽ പ്രശ്നങ്ങളില്ല. ഇതു സംബന്ധിച്ച് മാണി സി.കാപ്പനുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും നടന്നേക്കാമെന്നും മുല്ലപ്പളളി പറഞ്ഞു. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നത് പരിഗണിക്കുമെന്നും മുല്ലപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പളളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്‍സിപിക്കും മാണി സി.കാപ്പനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫിനൊപ്പം ചേരാന്‍ കാപ്പന് താല്പര്യമുണ്ടെങ്കില് സ്വാഗതമെന്നും ജെഡിഎസിലെ ഒരു വിഭാഗം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Read More: എൽഡിഎഫ് എന്നോട് കാണിച്ചത് അനീതി: മാണി സി.കാപ്പൻ
ജോസ് കെ.മാണി യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയതിനുപിന്നാലെയാണ് പാലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തത്. പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെയാണ് മാണി സി.കാപ്പൻ മുന്നണി വിടുമെന്ന് ഉറപ്പായത്. കുട്ടനാട് സീറ്റ് മാണി സി.കാപ്പന് നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. പാലാ സീറ്റ് വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന നിലപാടിലാണ് മാണി സി.കാപ്പൻ.
അതേസമയം, മാണി സി.കാപ്പനൊപ്പം എന്‍സിപി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനും മാണി സി.കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.