scorecardresearch
Latest News

മുളന്തുരുത്തി പളളി സ‍ർക്കാ‍ർ ഏറ്റെ‌ടുത്തു; ബിഷപ്പുമാരെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു

രാത്രി പത്ത് മണിയോടെ പൊലീസ് പള്ളിക്ക് ചുറ്റുമുള്ള റോഡുകൾ അടച്ചു. പുലർച്ചെ രണ്ടരയോടെ 144 പ്രഖ്യാപിച്ചു. അഞ്ചരയോടെ പൊലീസ് നടപടി ആരംഭിച്ചു

Mulanthuruthy church,ernakulam,kochi,jacobites,police,snehil kumar singh,മുളന്തുരത്തി പള്ളി,എറണാകുളം,യാക്കോബായ,ഓർത്തഡോക്സ്

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമ്മൻ പള്ളി സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പള്ളി ഏറ്റെടുത്തത്. എറ്റെടുത്ത വിവരം കളക്ടർ ഇന്ന് കോടതിയെ അറിയിക്കും. സബ് കലക്ടറുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു ഏറ്റെടുക്കൽ. പ്രതിഷേധവുമായി പള്ളിയിൽ തമ്പടിച്ചിരുന്ന അറുന്നൂറോളം യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്ന് ബിഷപ്പുമാർ അടക്കം മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്.

പള്ളിയുടെ ഗെയ്റ്റ് പൊളിച്ചാണ് പോലീസ് പള്ളിക്കകത്ത് കടന്നത്. പളളി ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് തീരാനിരിക്കേയാണിത്. യാക്കോബായ വിഭാഗം മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിസിന്റെ നേതൃത്വത്തിൽ ആറോളം മെത്രാപ്പോലിത്തമാരും നൂറോളം വൈദികരും സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും പ്രതിരോധത്തിന്റെ ഭാഗമാമയി പ്രാർത്ഥനായജ്ഞത്തിലായിരുന്നു.

Read More: Sabarimala Temple Opens For Malayalam New Year Chingam 1: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

രാത്രി പത്ത് മണിയോടെ പൊലീസ് പള്ളിക്ക് ചുറ്റുമുള്ള റോഡുകൾ അടച്ചു. പുലർച്ചെ രണ്ടരയോടെ 144 പ്രഖ്യാപിച്ചു. അഞ്ചരയോടെ പൊലീസ് നടപടി ആരംഭിച്ചു. സമാധാനപരമായി പിരിഞ്ഞു പോവണമെന്ന ആവശ്യം വിശ്വാസികൾ അനുസരിക്കാത്തതിനെ തുടർന്ന് ഗേറ്റ് നീക്കിയാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. മെത്രാൻ മാർ അടക്കമുള്ളവരെ ബലപ്രയോഗത്തിലുടെ നീക്കുകയായിരുന്നു.

സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. ഫയർഫോഴ്സിൻ്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് അകത്തു കടന്നാണ് പൊലീസ് പ്രതിഷേധക്കാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തുനീക്കിയത്.

ഞാറാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. ഇന്ന് കോടതി കേസ് പരിഗണിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അറസ്റ്റ് ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് ഭീതിയുള്ളതിനാല്‍ പോലീസ് പിപിഇ കിറ്റ് ധരിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

കോവിഡ് കാലത്ത് മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓര്‍ത്തഡോക്‌സ് പക്ഷം പിടിച്ചെടുക്കുന്നതിനെതിരേ ദിവസങ്ങളായി ഉപവാസ സമരം നടന്നുവരുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.

സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓ‍ർത്ത‍ഡോക്സ് വിഭാഗം നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. വിധി നടപ്പാക്കാൻ പോലീസിന് കഴിയില്ലെങ്കിൽ സിആർപിഎഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു.

ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചും പള്ളി ഏറ്റെടുക്കാൻ കർശന നിർദ്ദേശം നൽകിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mulanthuruthy church seized by district administration