കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പോലീസ്. സ്റ്റേഷന് ആക്രമിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയതെന്നു വടകര റൂറല്‍ എസ്പി എം കെ പുഷ്ക്കരന്‍ പറഞ്ഞു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്ന് ‘വന്ന ഗെയില്‍ വിരുദ്ധ സമിതിക്കാരെന്നും റൂറൽ എസ്.പി പറഞ്ഞു. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്കരന് പറഞ്ഞു.
അക്രമമുണ്ടായപ്പോള്‍ പുറത്തു നിന്നെത്തിയവർ രക്ഷപ്പെട്ടു. ഇതില്‍ പങ്കാളികളായ നാട്ടുകാരാണ് പിടിയിലായവര്‍ കുടുതലും. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. വിഷയത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോവുമെന്നും പൊലീസ് അറിയിച്ചു.
ഗെയിൽ പൈപ്പ് ലൈൻ സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു. അതേസമയം, സമരത്തിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരെ കോടതി റിമാൻഡ് ചെയ്തു.
നിർദിഷ്ട കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈനിനെതിരേ എരഞ്ഞിമാവിലാണ് സമരം നടക്കുന്നത്. ഒരു മാസത്തോളമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കുന്നതിനായി ബുധനാഴ്ച രാവിലെ വൻ പോലീസ് സാന്നിധ്യത്തിൽ ഗെയിൽ അധികൃതർ എത്തിയപ്പോൾ സമരക്കാർ തടഞ്ഞിരുന്നു. ഇതാണ് സംഘർഷങ്ങളിൽ കലാശിച്ചത്.