കൊല്ലം: രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്ന ആളുകളാണ് വനിതാ മതിലിന് എതിര് നില്‍ക്കുന്നതെന്ന് നടനും എംഎല്‍എയുമായ മുകേഷ്. രാജഭരണം പോയതിൽ വിഷമമുള്ളവരാണ് വനിതാ മതിലിനെ എതിർക്കുന്നവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജഭരണം പോയതിൽ വിഷമമുളളവരാണ് വനിതാ മതിലിന് എതിര് നില്‍ക്കുന്നത്. നങ്ങേലി റൗക്ക ഉടുക്കാതിരുന്നതും മാറിടം ചെത്തിവച്ച ചരിത്രവുമൊക്കെ നങ്ങേലിയുടെ തെറ്റാണെന്ന് പറയുന്നവരാണവർ. എല്ലാവരും തുല്യനീതിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് പറഞ്ഞപ്പോൾ എതിര് പറഞ്ഞവരാണ് അത്തരക്കാര്‍. താഴ്ന്ന ജാതിക്കാരെ നീച ജന്മങ്ങളെന്നാണ് അവര്‍ വിശേഷിപ്പിച്ചത്,’ മുകേഷ് പറഞ്ഞു. വനിതാ മതിലിൽ പങ്കെടുക്കാൻ തങ്ങൾക്ക് സ്ഥലം കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവരാണ് കൂടുതല്‍ പേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ നാടിനെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കാനുളള നീക്കമാണ് നടക്കുന്നത്. അത് വിവരവും വിദ്യാഭാസവും ഉളള നമ്മുടെ ജനങ്ങള്‍ക്ക് നന്നായി മനസ്സിലായതാണ്. ഇത് നവോത്ഥാനത്തിന് വേണ്ടിയുളള ശ്രമമാണ്. അല്ലാതെ ഏതെങ്കിലും പ്രത്യേക മതസ്ഥര്‍ക്ക് വേണ്ടി മാത്രമുളള പരിശ്രമമല്ല, മുകേഷ് പറഞ്ഞു.