മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരില്‍ ഏറ്റവും ദാനശീലം ഉള്ളത് മുകേഷ് അംബാനിക്കെന്ന് ഹുറൂണ്‍ ഫിലാന്‍ത്രോപി റിപ്പോർട്ട്. ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2017 ഒക്ടോബറിനും 2018 സെപ്റ്റംബറിനും ഇടയില്‍ 437 കോടി രൂപയാണ് മുകേഷ് അംബാനി സംഭാവന ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അംബാനിക്ക് പിന്നിലാണ് പിരമല്‍ ഗ്രൂപ്പ് ചെയര്‍മാനായ അജയ് പിരമല്‍ ഉളളത്. 200 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തിട്ടുളളത്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ പത്ത് കോടിയോ അതില്‍ കൂടുതലോ ദാനം നല്‍കിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

39 ഇന്ത്യക്കാരാണ് പട്ടികയിലുളളത്. ഇവര്‍ എല്ലാവരും ചേര്‍ന്ന് പ്രസ്തുത കാലയളവില്‍ ആകെ 1,560 കോടി രൂപയാണ് ദാനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ് പട്ടികയില്‍ ഇടം പിടിച്ച ഏക മലയാളി. പട്ടികയില്‍ അഞ്ചാമതാണ് യൂസഫലിയുടെ സ്ഥാനം. ഭൂരിഭാഗം ദാനവും വിദ്യാഭ്യാസ മേഖലയിലാണ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലായി ആരോഗ്യവും, ഗ്രാമവികസനവും ഉണ്ട്. റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് അംബാനി ദാനം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.