scorecardresearch
Latest News

മുജാഹിദ് സമ്മേളനത്തിന്റെ പേരിൽ സമസ്തയിൽ കലഹം

മുജാഹിദ് സമ്മേളനം: റഷീദലി തങ്ങൾ പങ്കെടുത്തതിനെ കുറിച്ച് പരിശോധിച്ച് നടപടിയെന്ന് സമസ്ത

rasheed ali thangal in mujahid state conference,

മലപ്പുറം: മുജാഹിദ് സമ്മേളനത്തിന്രെ പേരിൽ സമസ്തയ്ക്കുളളിൽ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം)) കലാപം രൂപം കൊളളുന്നു. കേരള വഹബ് ബോർഡ് ചെയർമാനും സമസ്തയുടെ കീഴിലുളള സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും സമസ്തയുടെ വിവിധ സംഘടനകളുടെ ഘടകങ്ങളിലും ഭിന്നാഭിപ്രായം മറനീക്കി പുറത്തു വന്നുകഴിഞ്ഞു. ഇതേ തുടർന്ന് സമസ്ത സംസ്ഥാന നേതൃത്വം ഇതേ കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. വരും ദിവസങ്ങൾ സമസ്തയ്ക്കുളളിൽ പുതിയ വിവാദങ്ങൾ വഴിയൊരുക്കുന്നതാകും ഈ വിഷയം.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് വിഭാഗത്തിന്രെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ഇകെ സുന്നി വിഭാഗത്തിന്രെ നേതൃത്വത്തിലുളള സമസ്തയും എസ്കെഎസ്എസ്എഫ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

റഷീദലിയെ സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് സമസ്തയുടെ യുവജനവിഭാഗങ്ങളിൽപ്പെട്ടവരിലും സമസ്തയിലുളളവരിലും ചിലർ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഈ സംഭവം വിവാദമായതിനെ തുടർന്ന് റഷീദലിയുടെ നിലപാടിനെ കുറിച്ച് പരിശോധിച്ച് നടപടിയെടുക്കാൻ അഞ്ചംഗ ഉപസമതിയെ നിയോഗിച്ചതായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്തയുടെ ഏകോപന സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ വിഷയം പരിശോധിക്കുന്നതിനാണ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസലിയാർ, ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് ന‌ദ്‌വി എന്നിവരെ ചുമതലപ്പെടുത്തിയത്.

റഷീദലി തങ്ങളുടെ മാതൃസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം)-യുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് അദ്ദേഹം ശനിയാഴ്ച മലപ്പുറം ജില്ലയിലെ കൂരിയാട് നടന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. മുജാഹിദ് (സലഫികള്‍), ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതനവീകരണവാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും നിലവിലെ സാഹചര്യത്തില്‍ സലഫിസത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും പ്രഖ്യാപിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവന തളളിക്കളഞ്ഞാണ് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത്.

സമസ്തയുടെ ആവശ്യം തളളി കേരള വഖഫ് ബോർഡ് ചെയർമാനായ റഷീദലി തങ്ങളും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്ര് മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സമ്മേളന വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുജാഹിദ് സമ്മേളനത്തിന്രെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുനവ്വറലി തങ്ങളെത്തിയത്. മഹല്ല്, പളളി, മദ്രസ എന്നീ വിഷയത്തിൽ നടന്ന സെഷനാണ് വഖഫ് ബോർഡ് അധ്യക്ഷൻ റഷീദലിയും ഉദ്ഘാടനം ചെയ്തത്.

‘ഞാന്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നു കൊണ്ടാണ് ഇവിടെ സംസാരിക്കുന്നത്’ എന്ന ആമുഖത്തോടെയാണ് റഷീദലി പ്രസംഗിച്ചു തുടങ്ങിയത്. ‘ഭിന്നിച്ചു കൊണ്ട് ഒരിക്കലും നിലനില്‍ക്കാനാവില്ല. അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പ്രസ്ഥാന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നില്‍ക്കണം. സുന്നികളും മുജാഹിദുകളും പരസ്പരം വിമര്‍ശിക്കുമ്പോള്‍ മതത്തെ മറന്നു കൊണ്ടാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന ഓര്‍മ വേണം. ഇസ്ലാം ഒരിക്കലും ഐക്യത്തിന്റെ പാതയില്‍ നിന്ന് പിന്‍വാങ്ങാന്‍ കല്‍പ്പിച്ചിട്ടില്ല. ആശയവ്യത്യാസങ്ങളില്‍ സംഘട്ടനത്തിന് മുതിരാതെ മുസ്ലിം സമൂഹത്തിന്രെ പുരോഗതിയും നന്മയും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എങ്കിലെ ദേശീയ, അന്തര്‍ദേശീയ തലങ്ങളിലും കേരളത്തിലും നേരിടുന്ന ഭീഷണി ഇല്ലാതാക്കാന്‍ കഴിയൂ,’ എന്നുമായിരുന്നു മുജാഹിദ് വേദിയിൽ റഷീദലിയുടെ പ്രസംഗം.

ആരെയും വെല്ലുവിളിക്കാനല്ല, അറിയാനും അറിയിക്കാനുമാണ് ഇവിടെ എത്തിയതെന്നായിരുന്നു മുനവ്വറലി തങ്ങളുടെ പ്രസംഗം.

“ആട് മേയ്ക്കുന്നവര്‍ക്ക് വൈക്കോല്‍ കൊടുക്കാന്‍ പോകുന്ന സമീപന”മെന്നാണ് റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തില്‍ പോകുന്നതിനെ കുറിച്ച് എസ്കെഎസ്എസ്എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് പതിപ്പ് എഡിറ്റര്‍ മിദ്‌ലാജ് റഹ്മാനി വിശേഷിപ്പിച്ചിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mujahid state conference samastha