തിരുവനന്തപുരം: ചെഗുവേരയെ മാതൃകയാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച് ജനങ്ങള്‍ക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ചെഗുവേരമാര്‍ തന്നെയാണ് തങ്ങളുടെ മാതൃകയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

വംശീയഹത്യ നടത്തി നിരപരാധികളെ കൊന്നൊടുക്കി അധികാര കസേരയില്‍ കയറിപ്പറ്റുന്ന ഹിറ്റ്‍ലറുമാരെയാണ് നിങ്ങള്‍ മാതൃകയാക്കുന്നതെന്നും കുമ്മനത്തിന് റിയാസ് മറുപടി നല്‍കി. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണമെന്നായിരുന്നു കുമ്മനത്തിന്റെ പരാമര്‍ശം.

സ്വന്തം നാടിന് വേണ്ടി ജീവിച്ചുമരിച്ച നേതാക്കളില്‍ നിന്ന് പ്രചോദനമുള്‍കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു. ചെഗുവേര ഇന്ത്യയില്‍ വന്നപ്പോള്‍ സിപി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോകാതിരുന്നത് അവര്‍ക്ക് ചെഗുവേരയുടെ യഥാര്‍ത്ഥ ചരിത്രം അറിയാവുന്നതിനാലാണെന്നും കുമ്മനം ആരോപിച്ചു. ഗോഡ്‌സെയുടെ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ലോക്‌സഭിയല്‍ എത്തിച്ചത് അന്നത്തെ സിപിഐ ആയിരുന്നുവെന്നകാര്യം പിണറായി മറക്കരുതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയുമായാണ് ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ