തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15-ന് തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക.

വിവാഹം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 മണിയോടെ ക്ലിഫ് ഹൗസില്‍ എത്താനാണ് അതിഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. ഐടി സംരംഭകയാണ്‌ വീണ. ബംഗളുരുവിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും വീണ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡി വൈ എഫ് ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ ദേശീയ പ്രസിഡന്റായത്.

റിയാസ് 2009-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 838 വോട്ടുകള്‍ക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം കെ രാഘവനോട് പരാജയപ്പെട്ടു. മുഹമ്മദ് റിയാസ് എന്ന പേരിലെ മൂന്ന് അപരന്‍മാര്‍ ചേര്‍ന്ന് 4000-ത്തോളം വോട്ടുകള്‍ പിടിച്ചത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി.

Read Also: പിറന്നാൾ ആഘോഷിച്ച് സോനം, മുണ്ടുടുത്ത് അമലപോൾ: സിനിമാ ലോകത്തെ വിശേഷങ്ങൾ

കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ്.

ഐ ടി സംരംഭകയായ വീണ ബംഗളുരുവില്‍ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമയത്ത് നിങ്ങളെ അറിയിക്കുമെന്നാണ് വിവാഹ വാര്‍ത്തയെ കുറിച്ച് ആരാഞ്ഞപ്പോള്‍ റിയാസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞത്.

പിണറായി വിജയന്‍-കമല ദമ്പതികള്‍ക്ക് വിവേക് വിജയന്‍ എന്നൊരു മകനുമുണ്ട്. അദ്ദേഹം അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.