തൃശൂർ: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിഷാം ജയിലില്‍ വെച്ച് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. നിഷാമിന്റെ സ്ഥാപനമായ കിംഗ്സ് സ്പേസിലെജീവനക്കാരനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

സ്ഥാപനത്തിലെ മാനേജർ ചന്ദ്രശേഖരനാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. നിഷാം ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുൾപ്പടെയാണ് ചന്ദ്രശേഖരൻ പരാതി നൽകിയത്. ഈ ശബ്ദരേഖ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാം ജയിലിലെ ഫോണില്‍ നിന്നാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. നേരത്തേ ജയിലില്‍ നിഷാമിന് കൂടുതല്‍ പരിഗണന ലഭിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് സ്ഥിരൂകരിക്കുന്നതാണ് പുതിയ പരാതി.

സ്ഥാപനത്തിലെ ഒരു ഫയല്‍ ജയിലില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു നിഷാം ഭീഷണിപ്പെടുത്തിയത്. നേരത്തേ നിഷാമിനെ കാണാന്‍ പലതവണ ജയിലില്‍ പോയപ്പോഴും തന്നെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി ചന്ദ്രശേഖരന്‍ പരാതിയില്‍ പറയുന്നു. ജയിലില്‍ ആണെങ്കിലും നിഷാം അപകടകാരിയാണെന്നും തന്റേയും കുടുംബത്തിന്റേയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ