തൊടുപുഴ: കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായ മൂന്നാറില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ ഭീഷണി നേരിടുന്നതായി ആശങ്ക. ഈ മേഖലയിലെ റിസോർട്ടുകളുടെ സുരക്ഷയാണ് ഏറെ ആശങ്ക ഉയർത്തിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍ സുരക്ഷ സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കനത്ത മഴയെ തുടര്‍ന്നു മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന മൂന്നു റിസോര്‍ട്ടുകള്‍ അപകട ഭീഷണിയിലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പു റിപ്പോര്‍ട്ടു നല്‍കിക്കഴിഞ്ഞു.

കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഗ്ലേഡ്, കാശ്മീരം, മിസ്റ്റ് മൗണ്ടന്‍ എന്നീ റിസോര്‍ട്ടുകളുടെ അവസ്ഥയെപ്പറ്റിയാണ് ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിനു റിപ്പോര്‍ട്ടു നല്‍കിയത്.

car, land slide, rain, munnar,

ശക്തമായ മഴയിൽപ്പെട്ട് ഒലിച്ചു നീങ്ങിയ കാർ

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ റിസോര്‍ട്ടുകളുടെ സംരക്ഷണ ഭിത്തികള്‍ തകരുകയും ഇവിടേക്കു സഞ്ചാരികളുമായെത്തിയ കാര്‍ ഒലിച്ചു നീങ്ങുകയും ചെയ്തിരുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്നു നേര്യമംഗലം റൂട്ടില്‍ പന്ത്രണ്ടുമണിക്കൂറോളം ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് റേഡിലേക്കു വീണ കല്ലും മണ്ണും മാറ്റിയതിനെത്തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

പള്ളിവാസല്‍ രണ്ടാംമൈലില്‍ സ്ഥിതി ചെയ്യുന്ന കാശ്മീരം റിസോര്‍ട്ട് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അതീവ അപകടാവസ്ഥയിലാണെന്നും റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ കനത്ത മഴയ്ക്കു ശമനമുണ്ടായെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്.

kallarkutti dam, land slide, rain, munnar,

കല്ലാര്‍കുട്ടിയില്‍ കടകള്‍ ഇടിഞ്ഞു ഡാമിലേക്കു പതിച്ചപ്പോള്‍

അടിമാലിക്കു സമീപം കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്ന് ദേശീയപാതയോരം ഡാമിലേക്ക് ഇടിഞ്ഞുവീണു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ചെറുകിട വ്യാപാര സ്ഥാപനങ്ങളും അണക്കെട്ടിലേക്ക് പതിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ച റോഡരികില്‍ ചെറിയതോതില്‍ വിള്ളല്‍ വീണിരുന്നു. ചൊവ്വാഴ്ച രാവിലെയായപ്പോഴേക്കും കനത്തമഴയില്‍ വിള്ളലിലൂടെ വെള്ളമിറങ്ങി കല്‍ക്കെട്ടടക്കം ഡാമിലേക്ക് പതിക്കുകയായിരുന്നു. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകൂടിയാണിത്.

പരിസ്ഥിതി ദുര്‍ബല മേഖലയായ പള്ളിവാസലില്‍ സ്ഥിതി ചെയ്യുന്ന പ്ലം ജൂഡി റിസോര്‍ട്ട് അടുത്തിടെ തുടര്‍ച്ചയായുണ്ടാകുന്ന പാറവീഴ്ചകളെത്തുടര്‍ന്നു പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ റിസോര്‍ട്ട് ഉടമ ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വിഷയം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.