തിരുവനന്തപുരം: ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം.ടി.വാസുദേവന്‍നായര്‍. മലയാള മനോരമയുടെ ‘നോട്ടം’ പംക്‌തിയിലാണ് എം.ടി.വാസുദേവന്‍നായര്‍ ഹിന്ദി വാദത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഹിന്ദിയടക്കം ഒട്ടേറെ ഭാഷകള്‍ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനില്‍ക്കണം. റഷ്യന്‍ ഭാഷ അടിച്ചേല്‍പ്പിച്ചപ്പോഴുള്ള കസഖ്സ്ഥാന്‍ ജനതയുടെ പ്രതികരണം പാഠമാകണമെന്നും എംടി കുറിച്ചു.

‘ഇത് ഏകാധിപത്യത്തിന്റെ ഭാഷ’ എന്ന പേരിലാണ് എംടി മനോരമയുടെ കാഴ്ചപ്പാട് പേജില്‍ എഴുതിയിരിക്കുന്നത്. ഒരു രാജ്യം, ഒരു ഭാഷ എന്ന നിലപാട് ഏകാധിപത്യപരമാണെന്നും അതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ലെന്നും എംടി പറയുന്നു. സോവിയറ്റ് യൂണിയനില്‍ എല്ലായിടത്തും റഷ്യന്‍ ഭാഷ മാത്രം മതി എന്ന തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് കസഖ്സ്ഥാന്‍ വിട്ടുപിരിഞ്ഞത്. കസഖ്സ്ഥാന്‍കാരുടെ ഭാഷയില്‍ കഥയും നോവലും കവിതയുമെല്ലാം ശക്തമായിരുന്നുവെന്നും എം.ടി.വാസുദേവന്‍ നായര്‍ പറയുന്നു.

Read Also: മരട്, ഡിഎൽഎഫ് നിയമലംഘനങ്ങൾ: രണ്ട് കേസുകൾ, രണ്ട് നീതികൾ

കസഖ്സ്ഥാനില്‍ സംഭവിച്ചതിനു സമാനമായ കാര്യമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഹിന്ദിവാദം. ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാല്‍, ഹിന്ദിക്കു പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകള്‍ സജീവമായുണ്ട്. ഓരോ ഭാഷയിലും മികച്ച എഴുത്തുകാരുണ്ട്. പ്രേംചന്ദിനെപ്പോലുള്ളവര്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതവും സംസ്‌കാരവുമാണ് കൃതികളില്‍ പകര്‍ത്തിയത്. കേരളത്തിലെ ഗ്രാമീണത, പരിസ്ഥിതി, ആചാരം, സമൂഹിക ഘടന എന്നിവയാണ് നമ്മുടെ എഴുത്തില്‍ കടന്നുവരികയെന്നും എംടി നോട്ടത്തില്‍ എഴുതിയിരിക്കുന്നു.

തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്നു ഭാഷാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുണ്ട്. ഈ സാഹചര്യത്തില്‍, പ്രാദേശിക ഭാഷയും സംസ്‌കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യ പോലൊരു രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ഹിന്ദി ഭാഷയ്‌ക്കേ സാധിക്കൂ എന്ന വാദത്തിന്റെ നിരര്‍ഥകത നാം തിരിച്ചറിയേണ്ടതുണ്ടെന്നും എംടി പറഞ്ഞു.

ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആഘോഷത്തിൽ സംസാരിച്ചത്. രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അമിത് ഷാ സംസാരിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഭാഷ വേണമെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദി ദിവസമായ ഇന്ന് അമിത് ഷാ ഹിന്ദിയുടെ പ്രധാന്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടുതലായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Read Also: സംഘപരിവാര്‍ പുതിയ സംഘര്‍ഷവേദി തുറക്കുന്നു; അമിത് ഷായ്‌ക്കെതിരെ പിണറായി

“ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഹിന്ദിക്കാണ്.” അമിത് ഷാ ട്വീറ്റ് ചെയ്തു.

മഹാത്മ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ സ്വപ്‌നമാണ് ഹിന്ദി ഭാഷയുടെ പ്രാധാന്യം രാജ്യത്ത് വര്‍ധിപ്പിക്കുക എന്നതെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു. “രാജ്യത്തെ എല്ലാ ജനങ്ങളും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നന്നായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അത് ബാപ്പുജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു തുല്യമാണ്” ഷാ ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.